| Saturday, 7th December 2024, 9:28 am

ദല്‍ഹി കലാപ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ത് അടിസ്ഥാനത്തില്‍?; ഉമര്‍ ഖാലിദ് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020ല്‍ നടന്ന ദല്‍ഹി കലാപത്തില്‍ തന്നെ പൊലീസ് പ്രതിയാക്കിയത് എന്തടിസ്ഥാനത്തിലെന്ന് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ഹൈക്കോടതിയില്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യു.എ.പി.എ കേസില്‍ തന്നെ എന്ത് അടിസ്ഥാനത്തിലാണ് ദല്‍ഹി പൊലീസ് പ്രതിയാക്കിയതെന്നാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയില്‍ ചോദിച്ചത്.

ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ ത്രിദീപ് പൈസ് ജസ്റ്റിസുമാരായ നവീന്‍ ചവ്‌ല, ഷാലിന്ദര്‍ കൗര്‍ എന്നിവര്‍ക്ക് മുമ്പാകെ ഹാജരായി. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റും ചെയ്ത നിരവധി പേര്‍ക്കെതിരെ വാദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

ഒരു മീറ്റിങ് നടന്നിരുന്നു. ആ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പ്രതികളല്ല, രണ്ട് പേര്‍ മാത്രമാണ് പ്രതികള്‍. അതില്‍ ഒന്ന് താനും ഷര്‍ജീല്‍ ഇമാമുമാണ്. മറ്റുള്ളവര്‍ പ്രതികളാവുന്നില്ലെങ്കില്‍ തങ്ങള്‍ മാത്രം എങ്ങനെയാണ് പ്രതിചേര്‍ക്കപ്പെടുന്നത് ഉമര്‍ ഖാലിദ് ചോദിച്ചു.

തന്നെയും ഷര്‍ജീല്‍ ഇമാമിനെയും മാത്രം പ്രതിയാക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നും ഉമര്‍ ഖാലിദ് ചോദിക്കുകയുണ്ടായി.

യോഗങ്ങളിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലും സാന്നിധ്യമുണ്ടായിട്ടും സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും ചലച്ചിത്ര നിര്‍മാതാവ് രാഹുല്‍ റോയിയും കേസില്‍ പ്രതികളല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഉമര്‍ ഖാലിദിന് വേണ്ടിയുള്ള വാദം കേള്‍ക്കുന്നതിനു പുറമെ ആര്‍.ജെ.ഡി യുവജന വിഭാഗം നേതാവും ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ത്ഥിയുമായ മീരാന്‍ ഹൈദറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങളും ബെഞ്ച് കേള്‍ക്കുകയുണ്ടായി.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 53 പേരുടെ മരണത്തിനിടയായ കലാപത്തിന്റെ നേതാക്കളാണെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കുന്നത്. പൗരത്വ നിയമത്തിനെതിരായ സംഘര്‍ഷത്തോടനുബന്ധിച്ചാണ് ദല്‍ഹിയില്‍ കലാപം ഉണ്ടായത്.

Content Highlight: On what basis was he accused in the Delhi riots case? ; Umar Khalid in High Court

We use cookies to give you the best possible experience. Learn more