തൃശൂര്‍: കേരളത്തിലെ പ്രമുഖ ചാനലിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന്റെ പുറകില്‍ താനാണെന്ന ആരോപണം നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
‘റേറ്റിങ്ങിന് വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രമുഖ ചാനലില്‍ ഒരു അവതാരികയും രണ്ട് അവതാരകന്മാരും ചേര്‍ന്ന് തിരൂര്‍ സതീശന്റെ പുറകില്‍ ഞാനാണെന്ന് കണ്ടെത്തിയത് എന്ത് മാധ്യമധര്‍മത്തിന്റെ അടിസ്ഥാനത്തിലാണെന്നും,’ ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമ സ്ഥാപനങ്ങളിലെ മുതലാളിമാരേക്കാള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് തന്നെ കുടുക്കാന്‍ താത്പര്യമെന്നും മാധ്യമ പ്രവര്‍ത്തകരുടെ കൈയില്‍ തന്റെ നമ്പറുണ്ടായിട്ടും ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിച്ചില്ലെന്നും ശോഭ സുരേന്ദ്രന്റെ വാദം.
മുന്‍ ആലപ്പുഴ തെരഞ്ഞെടുപ്പില്‍ ഇതേ ചാനല്‍ തന്നെ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും പിന്നാലെ താന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
തന്നെ കേരളത്തില്‍ കുറച്ചാളുകള്‍ ഭയക്കുന്നുണ്ടെന്നും അവര്‍ തന്നെ രാഷ്ട്രീയത്തില്‍ നിന്നും തള്ളാന്‍ ശ്രമിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ കേരള രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കാന്‍ എളുപ്പമല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.