Kerala News
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് പറഞ്ഞത് ഏത് അടിസ്ഥാനത്തിൽ? തമിഴ്നാടിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 17, 02:06 pm
Tuesday, 17th December 2024, 7:36 pm

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആകുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി മന്ത്രി ഐ. പെരിയസ്വാമി പറഞ്ഞിരുന്നു. തമിഴ്‌നാടിന്റെ സ്വപ്നം ഡി.എം.കെ ഭരണത്തിന് കീഴിൽ തന്നെ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് അവകാശപ്പെട്ട ഒരു തരി മണ്ണ് പോലും വിട്ട് കൊടുക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു മറുപടി ഐ. പെരിയസ്വാമിയുടെ മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

 

Content Highlight: On what basis did Mullaperiyar say that the water level will be raised? Minister Roshi Augustine against Tamil Nadu