| Wednesday, 18th September 2019, 10:16 am

പ്രധാനമന്ത്രിയെ കാണാന്‍ പോകവേ കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിത അതിഥി; മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹിയിലേക്ക് യാത്രയ്‌ക്കൊരുങ്ങിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു അപ്രതീക്ഷിത അതിഥിയെ കണ്ടുമുട്ടി. മറ്റാരുമല്ല പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിനെയായിരുന്നു മുഖ്യമന്ത്രി എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയത്.

ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍.
മാധ്യമപ്രവര്‍ത്തകന്‍ ഇന്ദ്രോജിത് ആണ് ഇരുവരും തമ്മില്‍ കണ്ടതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും തമ്മില്‍ ഏറെ നേരം സംസാരിച്ചതായും യശോദ ബെന്നിന് മമത പരമ്പരാഗതമായ ബംഗാളി സാരി സമ്മാനിച്ചതായും തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു.

തികച്ചും അപ്രതീക്ഷിതമായിരുന്നു കണ്ടുമുട്ടല്‍. മോദിയെ കാണാന്‍ പോകുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇരുവരും സന്തോഷത്തിലായിരുന്നു. പരസ്പരം ആശംസകള്‍ കൈമാറുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. – മമതുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

തിങ്കളാഴ്ച യശോദാ ബെന്‍ പശ്ചിമ ബെംഗാളിലെ പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ അസാനോളിലെ കല്യാണാശ്വേരി ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു യാത്ര തിരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് 4.30 നാണ് മോദി-മമത കൂടിക്കാഴ്ച. വിവിധ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടക്കുമെന്നും കേന്ദ്രസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാന ചര്‍ച്ചയെന്നുമാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും. മോദി കേന്ദ്രത്തില്‍ രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മോദി-മമത കൂടിക്കാഴ്ച നടക്കുന്നത്.

We use cookies to give you the best possible experience. Learn more