| Thursday, 21st October 2021, 4:06 pm

ഷാരൂഖിന്റെ വീട്ടില്‍ നടന്നത് റെയ്ഡല്ല; പേപ്പര്‍ വര്‍ക്കുകള്‍ക്കുവേണ്ടിയാണ് പോയതെന്ന് എന്‍.സി.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡല്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഷാരൂഖാന്റെ വീട്ടില്‍ പോയതെന്നാണ് എന്‍.സി.ബി പറയുന്നത്.

ഷാരൂഖിന് നോട്ടീസ് നല്‍കിയതിന് ശേഷം ‘കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ക്കായി’ സംഘം ഷാരൂഖ് ഖാന്റെ വീടായ മന്നത്ത് സന്ദര്‍ശിച്ചു എന്നാണ് എന്‍.സി.ബി പറഞ്ഞത്.

” ചില മാധ്യമങ്ങളില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത് പോലെ ഇത് ഒരു റെയ്ഡ് അല്ല,” എന്‍.സി.ബി ഓഫീസര്‍ സമീര്‍ വാങ്കഡെ പ്രസ്താവനയില്‍ പറഞ്ഞു.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ ഷാരുഖ് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതായി വാര്‍ത്ത വന്നത്.

ഷാരൂഖിന്റെ വസതിയായ മന്നത്തിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

, ആഡംബര കപ്പിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ബുധനാഴ്ച കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തല്‍.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.
ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  On Visiting Shah Rukh Khan’s Home, Anti-Drugs Agency Says “Wasn’t A Raid”

We use cookies to give you the best possible experience. Learn more