| Saturday, 24th July 2021, 12:02 pm

അഫ്ഗാനിസ്ഥാനെ പിന്തുണച്ചുള്ള യു.എസ്. വ്യോമാക്രമണം; ശക്തമായി തിരിച്ചടിയ്ക്കുമെന്ന് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബുള്‍: അഫ്ഗാനിസ്ഥാനെ പിന്തുണച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് താലിബാന്‍. കാണ്ഡഹാറിലും ഹെല്‍മന്ത് പ്രവിശ്യയിലും യു.എസ്. നടത്തുന്ന വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

‘അമേരിക്കന്‍ സൈന്യം കാണ്ഡഹാര്‍, ഹെല്‍മന്ത് പ്രവിശ്യയില്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നു. ആക്രമണത്തില്‍ സാധാരണക്കാരും മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളൂ,’ താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഫ്ഗാനിലെ പ്രവിശ്യകളില്‍ നിന്ന് യു.എസ്. സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറിന്റെ ലംഘനമാണ് വ്യോമാക്രമണത്തിലൂടെ അമേരിക്ക ചെയ്തതെന്ന് താലിബാന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളുവെന്നും താലിബാന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ ഭരണകൂടത്തെ സഹായിച്ച് നിരവധി തവണയാണ് യു.എസ്. കാണ്ഡഹാര്‍ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2021 മെയ് ആദ്യവാരത്തോടെ അഫ്ഗാനില്‍ നിന്നും യു.എസ്. സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ജോ ബൈഡന്‍ അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെ കരാര്‍ തള്ളുകയാണുണ്ടായത്.

സെപ്റ്റംബര്‍ 11 ആകുമ്പോഴേക്കും സൈന്യത്തെ പിന്‍വലിക്കാമെന്നായിരുന്നു ബൈഡന്റെ നിലപാട്. ഇതാണ് താലിബാനെ ചൊടിപ്പിച്ചത്. ഇതോടെ കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ താലിബാന്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: On US airstrikes in Afghan, Taliban says violation of signed agreement will have consequences

We use cookies to give you the best possible experience. Learn more