മറ്റാർക്കുമില്ലാത്ത നേട്ടം സ്വന്തമാക്കിയ വിരാടചരിതത്തിന് ഇന്നേക്ക് 13 വയസ്
Cricket
മറ്റാർക്കുമില്ലാത്ത നേട്ടം സ്വന്തമാക്കിയ വിരാടചരിതത്തിന് ഇന്നേക്ക് 13 വയസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th February 2024, 6:54 pm

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ലോകകപ്പില്‍ ചരിത്രം കുറിച്ചിട്ട് ഇന്നേക്ക് 13 വര്‍ഷം പിന്നിടുന്നു. ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ ഒരു ഇന്ത്യന്‍ താരം സെഞ്ച്വറി നേടുന്നുവെന്ന ചരിത്രനേട്ടമായിരുന്നു വിരാട് സ്വന്തം പേരിലാക്കി മാറ്റിയത്.

2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ആയിരുന്നു കോഹ്‌ലിയുടെ മിന്നും പ്രകടനം. ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 83 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

എട്ട് ഫോറുകളും രണ്ട് സിക്‌സുകളുമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 120.48 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

മത്സരത്തില്‍ കോഹ്‌ലിക്ക് പുറമെ വീരേന്ദര്‍ സെവാഗും തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. 140 പന്തില്‍ 175 റണ്‍സ് നേടിയായിരുന്നു സെവാഗിന്റെ മിന്നും പ്രകടനം. 14 ഫോറുകളും അഞ്ച് സിക്‌സുകളുമാണ് സേവാഗ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുനാഫ് പട്ടേല്‍ നാല് വിക്കറ്റും സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: On this day Virat Kohli Created History in World cup 2011