| Monday, 6th May 2024, 5:47 pm

2009ല്‍ ഇതേ ദിവസം, രോഹിത് ശര്‍മ മുംബൈയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച ദിവസം; ഗില്ലി തൊടുത്ത ബ്രഹ്‌മാസ്ത്രം ഇന്ന് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2009ലെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാന്‍ സാധിക്കില്ല. ആദ്യ സീസണില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി തലകുനിച്ച് നിന്ന ഹൈദരാബാദിലെ കാളക്കൂറ്റന്‍മാര്‍ തൊട്ടടുത്ത സീസണില്‍ ഐ.പി.എല്ലിന്റെ കിരീടം തലയില്‍ ചൂടിയാണ് ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഞെട്ടിച്ചത്.

ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലാണ് ഡെക്കാന്‍ അന്ന് കിരീടമണിഞ്ഞത്. ഗില്ലിയുടെ ഡെപ്യൂട്ടിയായി ടീമിലുണ്ടായിരുന്നത് ഭാവിയില്‍ ഐ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറിയ രോഹിത് ശര്‍മയും.

തന്റെ 22ാം വയസിലാണ് രോഹിത് ആദ്യമായി ഐ.പി.എല്‍ കിരീടമണിഞ്ഞത്, അതും വൈസ് ക്യാപ്റ്റനായി. ശേഷം അഞ്ച് തവണ ക്യാപ്റ്റന്റെ റോളിലും താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നെറുകയിലെത്തി.

2009 സീസണില്‍ രോഹിത് ശര്‍മയുടെ കരിയറിലെ തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വര്‍ഷമായിരുന്നു. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തിളങ്ങിയ രോഹിത്, ഒരു ഓള്‍ റൗണ്ടറെന്ന നിലയില്‍ തന്റെ പ്രൈമിലെത്തിയതും ഇതേ വര്‍ഷം തന്നെയായിരുന്നു.

ഐ.പി.എല്ലില്‍ രോഹിത് നേടിയ ആദ്യ ഹാട്രിക്കും ഏക ഹാട്രിക്കും 2009ലായിരുന്നു. ക്യത്യമായി പറഞ്ഞാല്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം. അന്ന് ഹാട്രിക് നേടിയതാകട്ടെ മുംബൈ ഇന്ത്യന്‍സിനെതിരെയും.

2009 മെയ് ആറിന് സെഞ്ചൂറിയനില്‍ നടന്ന മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മ, വേണുഗോപാല്‍ റാവു, ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഡെക്കാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കം പിഴച്ചിരുന്നു. സനത് ജയസൂര്യയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ഒറ്റയക്കത്തിന് പുറത്താക്കി ആര്‍.പി. സിങ്ങാണ് മുംബൈയെ ഞെട്ടിച്ചത്.

എന്നാല്‍ ജീന്‍ പോള്‍ ഡുമ്‌നിയുടെ കരുത്തില്‍ മുംബൈ സ്‌കോര്‍ പടുത്തുയര്‍ത്തി. ഈ സാഹചര്യത്തില്‍ ഡുമ്‌നിയുടേതടക്കം മൂന്ന് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് രോഹിത് ഡെക്കാനെ വിജയത്തിലേക്ക് നയിച്ചത്.

16ാം ഓവറിലാണ് രോഹിത് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മുംബൈ സ്‌കോര്‍ 103ല്‍ നില്‍ക്കവെ 16ാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് നായരെ ബൗള്‍ഡാക്കി രോഹിത് ശര്‍മ വിക്കറ്റ് വേട്ട ആരംഭിച്ചു. പകരമെത്തിയ ഹര്‍ഭജനെയും അതേരീതിയില്‍ പുറത്താക്കി രോഹിത് ശര്‍മ വീണ്ടും മുംബൈയെ ഞെട്ടിച്ചു.

18ാം ഓവറിലെ ആദ്യ പന്തില്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ ഹാട്രിക് ലക്ഷ്യമിട്ട് രോഹിത് ശര്‍മ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക്. ഭാവിയില്‍ താന്‍ കിരീടത്തിലേക്ക് നയിക്കേണ്ട ടീമിനെതിരെ അന്നത്തെ തന്റെ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിനൊപ്പം നടത്തിയ മിന്നല്‍ നീക്കത്തില്‍ ഡുമ്‌നി പുറത്ത്.

ഐ.പി.എല്ലിലെ തന്റെ ആദ്യ ഹാട്രിക്കും ഏക ഹാട്രിക്കും തികച്ച രോഹിത് ശര്‍മ ആരാധകരുടെ മനസിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ആ ഓവറില്‍ തന്നെ സൗരഭ് തിവാരിയെയും പുറത്താക്കി രോഹിത് നാല് വിക്കറ്റ് നേട്ടവും ആഘോഷിച്ചു.

ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രോഹിത് മത്സരത്തിലെ താരവുമായി തെഞ്ഞെടുക്കപ്പെട്ടു.

ഇതിനൊപ്പം ഐ.പി.എല്ലില്‍ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു. 22 വയസും ആറ് ദിവസവും പ്രായമുള്ളപ്പോഴായിരുന്നു രോഹിത്തിന്റെ ഈ ഐതിഹാസിക നേട്ടം. ശേഷം ഈ റെക്കോഡ് തകര്‍ക്കപ്പെട്ടെങ്കിലും താരത്തിന്റെ ഹാട്രിക് ഇന്നും ഐ.പി.എല്‍ ആരാധകരുടെ മനസില്‍ ഏറെ സ്‌പെഷ്യലാണ്.

Content Highlight: On this day in 2009 Rohit Sharma picks his first IPL hattrick against Mumbai Indians

We use cookies to give you the best possible experience. Learn more