1994 ഫെബ്രുവരി എട്ട്, അന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ദേവ് രാംലാല്‍ നികഞ്ജ് എന്ന കപില്‍ ദേവ് ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയിലെത്തിയത്.
റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയെന്ന അതികായനെ മറികടന്ന് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ലോകത്തിന് മുമ്പില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത കപില്‍ വീണ്ടും ഇന്ത്യയുടെ പേര് അത്യുന്നതങ്ങളിലെത്തിച്ചത്.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് കപില്‍ ദേവ് ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്. ഹഷന്‍ തിലകരത്‌നെയെ സഞ്ജയ് മഞ്ജരേക്കറിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയതിന് പിന്നാലെയാണ് കപില്‍ ദേവ് ന്യൂസിലാന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയെ മറികടന്ന് ഒന്നാമതെത്തിയത്.
432ാം വിക്കറ്റ് നേട്ടമാണ് കപില്‍ ദേവിനെ ഈ നേട്ടത്തിന് ഉടമയാക്കിയത്. 432 ബലൂണുകള്‍ ഉയര്‍ത്തിയും ഒരു നിമിഷം എഴുന്നേറ്റ് നിന്ന് കയ്യടിച്ചുമാണ് അഹമ്മദാബാദ് കപില്‍ ദേവിന്റെ ഈ നേട്ടം ആഘോഷമാക്കിയത്.
ആ മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഒരു വിക്കറ്റ് മാത്രമാണ് കപിലിന് നേടാന്‍ സാധിച്ചതെങ്കിലും ഹരിയാന ഹറികെയ്‌നിന്റെ പേര് ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതിവെക്കപ്പെടാന്‍ ഈ വിക്കറ്റ് നേട്ടം സഹായിച്ചിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ തീരുമാനം അമ്പേ പാളുന്ന കാഴ്ചയായിരുന്നു മൊട്ടേരയില്‍ കണ്ടത്. വെങ്കിടപതി രാജു അഞ്ച് വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ വെറും 119 റണ്‍സ് മാത്രമാണ് ശ്രീലങ്കക്ക് നേടാന്‍ സാധിച്ചത്.
രാജുവിന് പുറമെ രാജേഷ് ചൗഹാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കപിലും അനില്‍ കുംബ്ലെയും ഓരോ വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ സെഞ്ച്വറി കരുത്തില്‍ 358 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തി. 260 പന്ത് നേരിട്ട് 16 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 152 റണ്‍സാണ് താരം നേടിയത്.
89 പന്തില്‍ 57 റണ്‍സടിച്ച വിനോദ് കാംബ്ലിയും ഇന്ത്യന്‍ നിരയില്‍ കരുത്തായി.
239 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 222 റണ്‍സിന് ഓല്‍ ഔട്ടായി. 125 പന്തില്‍ 63 റണ്‍സ് നേടിയ റോഷന്‍ മഹാനാമയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ഇതോടെ ഇന്ത്യ ഇന്നിങ്‌സിനും 17 റണ്‍സിനും വിജയിച്ചു. കപിലിന്റെ നേട്ടത്തിനൊപ്പം ഇന്ത്യയുടെ വിജയവും ആരാധകര്‍ക്ക് ഇരട്ട സന്തോഷം നല്‍കി.
ഈ മാച്ചിന് ശേഷം ഒരു ടെസ്റ്റില്‍ മാത്രമാണ് കപില്‍ പന്തെറിഞ്ഞത്. ന്യൂസിലാന്‍ഡിനെതിരായ ആ മത്സരത്തില്‍ രണ്ട് വിക്കറ്റും നേടിയ കപില്‍ പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 434 വിക്കറ്റുകളുമായാണ് കപില്‍ തന്റെ മഹോജ്വലമായ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്.
ആറ് വര്‍ഷക്കാലം കപില്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 2000ല്‍ വിന്‍ഡീസ് കോട്‌നി വാല്‍ഷ് കപിലിനെ മറികടന്ന് ഒന്നാമനായി. നിലവില്‍ 800 വിക്കറ്റുമായി മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ഫോര്‍മാറ്റിലെ ലീഡിങ് വിക്കറ്റ് ടേക്കര്‍.
Content highlight: On This Day in 1994: Kapil Dev Gets 432nd wicket to Become Highest Wicket-taker in Tests