' നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു'; രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതിയില്ലെന്നും ആധിര്‍ രഞ്ജന്‍ ചൗധരി
national news
' നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു'; രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതിയില്ലെന്നും ആധിര്‍ രഞ്ജന്‍ ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 11:16 pm

ന്യൂദല്‍ഹി: കര്‍ശന നിയമങ്ങളുണ്ടായിട്ടും രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അവസാനമില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികാക്രമണത്തിന് ഇരയാക്കി കൊല ചെയ്ത സംഭവം ചൂണ്ടിക്കാണിക്കുന്നത് അതാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ഹൈദരാബാദില്‍ സംഭവിച്ചത് സമൂഹത്തിന് അപകടകരമാണ്. ഹൈദരാബാദില്‍ മാത്രമല്ല, രാജ്യത്തിന്റെ ഏത് ഭാഗത്തും ഇത്തരം സംഭവങ്ങള്‍ക്ക് അറുതിയില്ല എന്നത് അപലപനീയവും ലജ്ജാകരവുമാണ്. കര്‍ശന നിയമങ്ങള്‍ കൊണ്ടു വന്നിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കും ലൈംഗികാക്രമണത്തിനും അറുതി ഉണ്ടാവുന്നില്ല എന്നതില്‍ നമ്മള്‍ ലജ്ജിക്കേണം.” അദ്ദേഹം പറഞ്ഞു.


‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണം നമ്മള്‍ കാണുന്നുണ്ട്. നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് നാലുപേരെ നിലവില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ അവരെ ശദ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പെണ്‍കുട്ടിയ്ക്ക് നീതിയാവശ്യപ്പെട്ട് ശനിയാഴ്ച നൂറുകണക്കിനാളുകള്‍ രംഗ റെഡ്ഡി ജില്ലയിലെ ശദ്നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.