പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മലയാളിയുടെ ഓരോ ചര്‍ച്ചകളും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ഓര്‍മ്മകളില്ലാതെ കടന്നുപോകില്ല. രാമകൃഷ്ണപ്പിള്ള സര് സിപിയുടെ ഭരണത്തോട് കലഹിച്ച് പത്രപ്രവര്‍ത്തനം നടത്തുകയും ഒടുവില്‍ നാട് കടത്തപ്പെടുകയും ചെയ്തുവെന്നത് ചരിത്രം.
1878 മേയ് 25ന് നെയ്യാറ്റിന്‍കരയില്‍ നരസിഹം പോറ്റിയുടെയും ചക്കിയമ്മയുടെയും മകനായി ജനിച്ച രാമകൃഷ്ണപിള്ള കോളജ് പഠനകാലത്തുതന്നെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ച വഞ്ചിഭൂപഞ്ചിയുടെ രണ്ടു പത്രാധിപരില്‍ ഒരാളായ അദ്ദേഹം പിന്നീട് കേരള ദര്‍പ്പണം എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. വക്കം അബ്ദുള്‍ഖാദര്‍ മൌലവി സ്വദേശാഭിമാനി എന്ന പേരില്‍ പത്രം തുടങ്ങിയപ്പോള്‍ പത്രാധിപരായി നിയോഗിക്കപ്പെട്ടു. ഇതോടെയാണ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായി മാറുന്നത്.
നിശിതവിമര്‍ശനം നിറഞ്ഞു നില്‍ക്കുന്നതായിരുന്നു സ്വദേശാഭിമാനിയുടെ ഭാഷ. 1910 സെപ്റ്റംബര്‍ 26ന് സ്വദേശാഭിമാനി പത്രം കണ്ടുകെട്ടി. പത്രാധിപരെ നാടുകടത്തുകയും ചെയ്തു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ മിശിഹയായി വാഴ്തപ്പെടുമ്പൊഴും രാമകൃഷ്ണപ്പിള്ള കേരളത്തില്‍ ജാതി പരിഷ്കരണത്തിന് വേണ്ടി നടന്ന വിപ്ലകവകരമായ മുന്നേറ്റങ്ങളോട് പുറം തിരിഞ്ഞു നിന്നത് കാണാതിരുന്നുകൂട. സ്വദേശാഭിമാനിയുടെ ഓര്‍മ്മകള്‍ക്കൊപ്പം ഇതുകൂടി കൂട്ടിവായിക്കപ്പെട്ടിട്ടില്ലെങ്കില് അത് ചരിത്രത്തോട് ചെയ്യുന്ന അപരാധമായിരിക്കും.
പുലയര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയതിന്റെ പിറ്റേ ദിവസം 1910 മാര്‍ച്ച് 02ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയില്‍ എഴുതിയ മുഖപ്രസംഗം ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്.
“ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നയം സാമുദായികമായ മനശാസ്ത്രത്തിനും സദാചാരശാസ്ത്രത്തിനും വിരുദ്ധമാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. ഈ നയം പുലയക്കുട്ടികള്ക്കും പറയക്കുട്ടികള്ക്കും ജ്ഞാനവിഷയത്തില്‍ താണവരായ മറ്റുജാതികള്ക്കും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഞങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. മനുഷ്യവര്‍ഗത്തില്‍ ഒരാളും മറ്റൊരാളും തമ്മിലുള്ള ശാരീരിക വ്യത്യാസത്തെ ഞങ്ങള്‍ അറിയുന്നില്ല.
എന്നാല്‍ അനേക ദശാബ്ദക്കാലമായി പാരമ്പര്യ സിദ്ധമായിട്ടുള്ള ബുദ്ധി സംബന്ധമായ വ്യത്യാസത്തെ വിസ്മരിക്കാന്‍ കഴിയുകയില്ല. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്ത് വന്നിട്ടുള്ള ജാതിക്കാരെയും അതിനേക്കാള്‍ എത്രയോ ഏറെ തലമുറകളായി നിലം കൃഷി ചെയ്ത് വന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധിക്കാര്യത്തില് ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുകയായിരുന്നു.
ഈ നയം പുലയക്കുട്ടികള്ക്കും പറയക്കുട്ടികള്ക്കും ജ്ഞാന വിഷയത്തില്‍ താണവരായ മറ്റു ജാതിക്കാര്‍ക്കും ഏതെങ്കിലും ഗുണം ചെയ്യുന്നതാണെങ്കില്‍ അതിനേക്കാളേറെ ദോഷം അവര്ക്കുണ്ടാക്കുന്നതും ഇതര ജാതിക്കുട്ടികള്‍ക്ക് തീരെ ദോഷത്തിന് മാത്രമാണ് കാരണമായിട്ടുള്ളതെന്നും ഞങ്ങള്‍ പറഞ്ഞുകൊള്ളട്ടെ”.