| Thursday, 1st July 2021, 8:40 am

സമൂഹ മാധ്യമങ്ങളിലെ വികാരത്തള്ളിച്ചയില്‍ ജഡ്ജിമാര്‍ വീണുപോകരുത്: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ആളിക്കത്തിക്കുന്ന പൊതുജനവികാരത്തില്‍ ജഡ്ജിമാര്‍ വീണു പോകരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിങ്ങള്‍ ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ദല്‍ഹിയില്‍ വെച്ച് നടന്ന പി.ഡി. ദേശായി മെമ്മോറിയല്‍ പ്രഭാഷണത്തിന്റെ ഭാഗമായി നിയമവാഴ്ച എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എന്‍.വി. രമണ.

എല്ലാത്തിനെയും ഉള്ളതിനേക്കാള്‍ കൂട്ടിക്കാണിക്കാന്‍  മാധ്യമങ്ങളുടെ പക്കല്‍ ഒരുപാട് ഉപാധികളുണ്ട്. പക്ഷെ അതേസമയം ഇവയ്ക്ക് ശരിയും തെറ്റും നല്ലതും ചീത്തയും യാഥാര്‍ത്ഥ്യവും വ്യാജവുമൊന്നും വേര്‍തിരിച്ചറിയാനാകില്ലെന്ന് എന്‍.വി. രമണ പറഞ്ഞു.

അതുകൊണ്ടു തന്നെ കേസുകളില്‍ മാധ്യമവിചാരണയെ ഒരു ഘടകമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ എങ്ങനെയാണ് മറ്റു ഭരണനിര്‍വഹണ സംവിധാനങ്ങളെ ബാധിക്കുന്നത് എന്നതിനെ കുറിച്ച് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ചുറ്റിലും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കരുത് എന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.

ജൂഡീഷ്യല്‍ സ്വാതന്ത്ര്യത്തെ കുറിച്ചും എന്‍.വി. രമണ സംസാരിച്ചു. നേരിട്ടോ അല്ലാതെയോ ജുഡീഷ്യറിക്ക് മേല്‍ ഒരു നിയന്ത്രണവുമുണ്ടാകരുതെന്നും എന്നാല്‍ മാത്രമേ നിയമവാഴ്ച സാധ്യമാകൂവെന്നും എന്‍.വി. രമണ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: On Social Media, Public Opinion, Chief Justice Ramana’s Warning To Judges

We use cookies to give you the best possible experience. Learn more