| Wednesday, 25th August 2021, 8:59 am

കൈയുറയിട്ട് നാളെ ഒരാള്‍ സ്ത്രീയുടെ ശരീരത്തിലുടനീളം സ്പര്‍ശിച്ചാല്‍ ലൈംഗിക പീഡനമാവില്ലേ? ബോംബൈ ഹൈക്കോടതിയുടെ വിവാദ വിധിയെ ചോദ്യം ചെയ്ത് അറ്റോര്‍ണി ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാല്‍ പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമാവില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍.

ചര്‍മങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം ഇല്ലാത്തതുകൊണ്ട് പോക്‌സോ കുറ്റമാവില്ലെന്ന നിരീക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഒരാള്‍ കുട്ടിയെ കൈയുറയിട്ട് പീഡിപ്പിച്ചാല്‍ അത് കുറ്റകൃത്യമല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു.

ബോംബോ ഹൈക്കോടതയുടെ വിധി റദ്ദാക്കണമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കൈയുറയിട്ട് നാളെ ഒരാള്‍ സ്ത്രീയുടെ ശരീരത്തിലുടനീളം സ്പര്‍ശിച്ചാല്‍ അയാളെ ലൈംഗിക പീഡനക്കുറ്റത്തിനു ശിക്ഷിക്കാനാവില്ലെന്നാണ് വിവാദ വിധി അര്‍ഥമാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രാജ്യത്ത് 43,000 പോക്സോ കേസുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ജനുവരി 19ന് ഇത്തരത്തില്‍ ഒരു വിവാദ വിധി പറഞ്ഞത്.

വസ്ത്രമഴിച്ചുകൊണ്ട് ചര്‍മങ്ങള്‍ തമ്മില്‍ തൊടുന്നവിധം ബന്ധമുണ്ടായാല്‍ മാത്രമേ പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാകൂവെന്നാണ് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 39കാരനായ പ്രതി കുറ്റക്കാരനാണെന്ന സെഷന്‍സ് കോടതിയുടെ വിധിയില്‍ ഭേദഗതി വരുത്തിക്കൊണ്ട്
ജസ്റ്റിസ് പുഷ്പ ഗനേഡിവാല നിരീക്ഷിച്ചത്.

വിധി വലിയ വിവാദമായതോടെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: On ‘Skin-To-Skin’ Order In Sex Assault Case, Attorney General’s Rebuttal

We use cookies to give you the best possible experience. Learn more