ഇതെന്താണ്? ഒരു രാഷ്ട്രീയ പാര്‍ട്ടി ഇവിടെ വന്ന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയുന്നു; ഷഹീന്‍ബാഗിലെ ഒഴിപ്പിക്കലില്‍ സി.പി.ഐ.എം നല്‍കിയ ഹരജി സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് സി.പി.ഐ.എം നല്‍കിയ ഹരജി സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹരജി പിന്‍വലിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ സി.പി.ഐ.എമ്മിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി രണ്ട് ദിവസത്തേക്ക് എങ്കിലും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ.എം സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയെ സമീപിക്കാതെയായിരുന്നു സി.പി.ഐ.എം സുപ്രീംകോടതിയെ സമീപിച്ചത്.
ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
‘നിങ്ങള്‍ ഹൈക്കോടതിയില്‍ പോലും പോകുന്നില്ല, നേരെ സുപ്രീംകോടതിയില്‍ വരുന്നു, ഇതെന്താണ്? ഒരു രാഷ്ട്രീയ പാര്‍ട്ടി ഇവിടെ വന്ന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയുന്നു,” കോടതി പറഞ്ഞു. ഒന്നുകില്‍ നിങ്ങള്‍ ഹരജി പിന്‍വലിക്കുക അല്ലെങ്കില്‍ ഹരജി കോടതി തള്ളേണ്ടിവരും’ ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജനങ്ങളുടെ ജീവനോപാധി സംരക്ഷിക്കാന്‍ കോടതി ഇവിടെ ഉണ്ട്. പക്ഷേ നിങ്ങള്‍ ചെയ്യുന്നത് പോലെയല്ല. വീട് പൊളിക്കുകയാണെങ്കില്‍ പോലും സുപ്രീംകോടതിയെ സമീപിക്കാന്‍ എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കാനാവില്ല. അത് നിയമവിരുദ്ധമാണ് ‘നിയമലംഘനം ഉണ്ടായാല്‍ ഞങ്ങള്‍ ഇടപെടും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതത്തിന് വഴങ്ങാനാവില്ല. പകല്‍ മുഴുവന്‍ ഇവിടെ ചിലവഴിച്ചു. അതിന് പകരം ഹൈക്കോടതിയില്‍ പോകാമായിരുന്നു. ഷഹീന്‍ബാഗ് നിവാസികള്‍ കോടതിയെ സമീപിക്കട്ടെ എന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം, പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ദല്‍ഹി ഷഹീന്‍ ബാഗിലെ പൊളിക്കല്‍ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇടിച്ചുനിരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്തുനിന്നും ഷഹീന്‍ബാഗിലുണ്ടായത്.
ദല്‍ഹി പൊലീസിന്റെ സഹായത്തോടെ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കെട്ടിടം പൊളിക്കലിനെതിരെയാണ് ഷഹീന്‍ബാഗിലെ പ്രദേശവാസികള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്.