അന്തരിച്ച പ്രസിദ്ധ സാഹിത്യകാന് ജോസെ സരമാഗുവിനെ ബാബു ഭരദ്വാജ് സ്മരിക്കുന്നു.
ജോസെ സരമാഗുവിന്റെ വിയോഗത്തോടെ ലോകസാഹിത്യത്തില്‍ ചരിത്രത്തിന്റെയും മാര്‍ഗങ്ങളുടെയും മാനവികതയുടെയും വരള്‍ച്ചയുടെയും ആരംഭം കുറിക്കപ്പെടുന്നു. ബ്ലൈന്റെനസ് എന്ന കൃതിയിലൂടെ ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം പോര്‍ച്ചുഗലില്‍ എത്തിച്ച സരമാഗു സ്വന്തം രാജ്യം പുറംതള്ളിയ ഒരു സാഹിത്യകാരനായിരുന്നുവെന്ന് ആരൊക്കെ മറക്കാന്‍ ശ്രമിച്ചാലും ചരിത്രത്തിലും മാനവികതയിലും മനുഷ്യവംശത്തിന്റെ ഭാഗധേയം തിരയുന്നവര്‍ക്ക് മറക്കാനാവില്ല.
1992ല്‍ പോര്‍ച്ചുഗല്‍ ഉപേക്ഷിച്ച് ഒരു ചെറിയ ദ്വീപില്‍ അഭയം തേടിവന്ന സരമാഗുവിന് നോബല്‍ സമ്മാനം ലഭിക്കുന്നത് ആറുകൊല്ലത്തിനുശേഷം 1998ല്‍ ആണ്.
വ്യവസ്ഥാപിത മതത്തെ എക്കാലത്തും ശക്തിയുക്തം എതിര്‍ത്ത സരമാഗുവിനെതിരേ പടവാളോങ്ങാന്‍ വത്തിക്കാനാണ് മുന്നില്‍ നിന്നത്. അതിനുകാരണം സരമാഗുവിന്റെ എറ്റവും വിവാദം നിറഞ്ഞ ജീസസ് ക്രൈസ്റ്റിന്റെ സുവിശേഷം എന്ന കൃതിയാണ് ( GOSPEL ACCORDING TO JESUS CHRIST).
ക്രിസ്തുവിന്റെ ശിഷ്യരാണ് പുതിയ നിയമത്തില്‍ ജീസസ്സിന്റെ ജീവിതത്തെയും ആ ജീവിതത്തിന്റെ സുവിശേഷങ്ങളെയും കുറിച്ചെഴുതിയത്. ക്രസ്തു സ്വന്തം ജീവിതകഥയും സുവിശേഷ കാലങ്ങളും എഴുതുന്ന കൃതിയാണ് ജീസസ്സിന്റെ സുവിശേഷം. ഈ കൃതിയില്‍ ജീസസ് ജോസഫിന്റെ മകനാണെന്നും ക്രിസ്തു മഗ്ദലനമറിയത്തിനോടൊപ്പമാണ് ജീവിച്ചിരുന്നതെന്നുമാണ് സരമാഗു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കസാന്ദാസാക്കിന്റെ ക്രിസ്തുവിന്റെ അവസാന പ്രലോഭനങ്ങള്‍ (Last temption of christ) എന്ന കൃതിയേക്കാള്‍ രൂക്ഷമായാണ് സരമാഗു ഈ കൃതിയില്‍ ക്രസ്റ്റിയാനിറ്റി എന്ന വ്യവസ്ഥാപിത അധികാര സ്ഥാപനത്തിന്റെ അടിക്കല്ലിളക്കിയത്.
നാല്‍പ്പതു വയസ്സിനുശേഷമാണ് സരമാഗു ജീവിതം സാഹിത്യത്തിനുമാത്രമായി മാറ്റിവയ്ക്കുന്നത്. “” പാപത്തിന്റെ രാജ്യം”” “”ബള്ത്താസറും ബ്ലിമുന്ഡയും”” “” ലിസ്ബണ്‍ ഉപരോധത്തിന്റെ ചരിത്രം”” “”കല്‍ച്ചങ്ങാടം”” “” എല്ലാ പേരുകളും”” തുടങ്ങി ഒട്ടനവധി കൃതികളിലൂടെ ജോസെ സരമാഗു എന്ന കമ്മ്യൂണിറ്റ് സാഹിത്യകാരന് എല്ലാ അധികാര സ്ഥാപനങ്ങള്‍ക്കും നേരെ ആഞ്ഞടിക്കുകയാണ് ചെയ്തത്.
ഒരു രാജ്യത്തിലെ എല്ലാവര്ക്കും “”അന്ധബാധിയുടെ അന്ധത “” എന്ന നോവലിലെ പ്രധാന കാഥാപാത്രത്തിന് കാഴ്ച്ച തിരിച്ചുകിട്ടുമ്പോള്‍ അതാരെയും അറിയിക്കാതെയും, ആരും അറിയാതെയും ഇരിക്കുമ്പോള്‍ കാണുന്ന കാഴ്ച്ചകള്‍ അന്ധരുടെ പോലും കണ്ണുകള്‍ തുറപ്പിക്കുന്നതാണ്.
ഇതിന് സമാനമല്ലെങ്കില്‍ പോലും കെ ടി മുഹമ്മദിന്റെ കടല്‍പ്പാലം എന്ന നാടകത്തില്‍ കണ്ണുകാണാത്ത നായകന് അവസാനം കഴ്ച തിരിച്ചുകിട്ടുമ്പോള്‍, അതാരും അറിയാതെ ഇരിക്കുമ്പോള്‍ അയാല്‍ കാണുന്ന കാഴ്ചകള്‍ മനുഷ്യര്‍ ആടുന്ന കപടനാടകങ്ങളുടെ വെളിപാടാകുന്നു. സരമാഗു “”അന്ധത”” എഴുതുന്നതിനു പതിറ്റാണ്ടുകള്‍ മുമ്പാണ് കെ ടി കടല്‍പ്പാലം എഴുതിയത്. രണ്ടും തമ്മില്‍ ഒരു താരതമ്യം ഇല്ലെങ്കിലും രണ്ടിന്റെയും ഉള്‍ക്കാഴ്ച്ചകള്‍ സമാനമാണ്.
രണ്ടു രാജ്യങ്ങള്‍ പിളര്‍ന്ന് കടലിലൂടെ തെന്നിമാറുന്ന കല്ച്ചങ്ങാടവും മനുഷ്യരുടെ പേരുകളില്‍ നിന്ന് അവരെ തിരയുന്ന “” എല്ലാ പേരുകളും”” മാജിക്കല്‍ റിയലിസത്തിന്റെ പുതിയ വികാസമാണ്. ജോസെ സരമാഗുവിന്റെ മരണത്തോടെ ഒരു യഥാര്‍ത്ഥ പോരാളിയും കമ്മ്യൂണിസ്റ്റ് ചരിത്രക്കാരനും കഥപറച്ചിലുകാരനും നമ്മുടെ സര്‍ഗ-കര്‍മമണ്ഡലങ്ങളില്‍ നിന്ന് വിടപറയുന്നു. ആ ജീവിതത്തെയും രചനകളെയും വാഴ്ത്തുന്നതിലൂടെ നമ്മള് മാനവികതയോടും കൂറു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ലോകത്ത് അവശേഷിച്ച എക കമ്മ്യൂണിസ്റ്റ് സാഹിത്യകാരനാണ് ഇതോടുകൂടി കഥാവശേഷനാവുന്നത്.