യു.എസിലും യൂറോപ്പിലും രേഖകളില്ലാതെ കറങ്ങിനടക്കുന്ന ഇന്ത്യക്കാരെ കുറിച്ച് എന്താണ് പറയാനുള്ളത്; റോഹിങ്ക്യന്‍ വിഷയത്തില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ്
national news
യു.എസിലും യൂറോപ്പിലും രേഖകളില്ലാതെ കറങ്ങിനടക്കുന്ന ഇന്ത്യക്കാരെ കുറിച്ച് എന്താണ് പറയാനുള്ളത്; റോഹിങ്ക്യന്‍ വിഷയത്തില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 8:52 am

ന്യൂദല്‍ഹി: ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും മനീഷ് തിവാരിയും.

മ്യാന്മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് താമസിക്കാന്‍ ദല്‍ഹിയില്‍ ഫ്‌ളാറ്റ് പണിയാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ കയറ്റി അയക്കണമെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെയാണ് ശശി തരൂര്‍ അടക്കമുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചത്.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയായിരുന്നു റോഹിങ്ക്യകള്‍ക്ക് ദല്‍ഹിയില്‍ സര്‍ക്കാര്‍ താമസ സൗകര്യമൊരുക്കുന്നുണ്ടെന്ന ട്വീറ്റ് പുറത്തുവിട്ടത്.

എന്നാല്‍ തൊട്ടുപിന്നാലെ അത്തരത്തില്‍ ഒരു പ്രഖ്യാപനം നടന്നിട്ടില്ലെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് നിലവില്‍ താമസമൊരുക്കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.

സര്‍ക്കാരിനുള്ളിലുണ്ടായ ഈ ‘ആശയക്കുഴപ്പം’ ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ഇന്ത്യയെ പോലൊരു രാജ്യത്തിന് അപമാനമാണെന്നാണ് വിഷയത്തില്‍ തരൂര്‍ പറഞ്ഞത്.

”ശരിയായതെന്ന് ഞാന്‍ വിശ്വസിക്കുന്ന കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയുടെ പ്രസ്താവനയെ അസാധുവാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മനോഭാവം എന്നെ തീര്‍ത്തും ഞെട്ടിച്ചു.

എന്റെ സുഹൃത്തായ ഹര്‍ദീപ് പുരി യു.എന്നിന്റെ ഹൈകമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസിന്റെ (UNHCR) എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇന്ത്യയുടെ അംബാസഡറായിരുന്നു. ഇന്ത്യയുടെ ദീര്‍ഘകാല മാനുഷിക പാരമ്പര്യത്തിനനുസൃതമായി അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹത്തിനറിയാം.

അഭയാര്‍ത്ഥികളെ, അവര്‍ ചൂഷണവും പീഡനവും ഭയക്കുന്ന രാജ്യങ്ങളിലേക്ക് നമ്മള്‍ ഒരിക്കലും തിരിച്ചയക്കില്ല,” ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കാലങ്ങളായി അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും അവരെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന അഭിമാനകരമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ദയവ് ചെയ്ത് ബി.ജെ.പി വഞ്ചിക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എല്ലാ അനധികൃത കുടിയേറ്റക്കാരും ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെങ്കില്‍ യു.എസ്, യൂറോപ്പ് തുടങ്ങിയ വികസിത രാജ്യങ്ങളില്‍ രേഖകളില്ലാതെ കറങ്ങിനടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ മനീഷ് തിവാരി ചോദിച്ചത്.

”റോഹിങ്ക്യന്‍ ജനതയുടെ ദുരിതം ഹൃദയഭേദകമാണ്. പീഡനം, വംശഹത്യ, ബലാത്സംഗം എന്നീ ക്രൂരതകളില്‍ നിന്നും പലായനം ചെയ്തവരാണ് ഇവര്‍,” മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

Content Highlight: On Rohingyas row, Shashi Tharoor slams government over ‘confusion’, asks BJP not to ‘betray’ Indian civilization