| Friday, 28th October 2022, 5:02 pm

രാജസ്ഥാനില്‍ പെണ്‍കുട്ടികളെ സ്റ്റാമ്പ് പേപ്പറില്‍ ലേലം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ട്; അന്വേഷണസംഘത്തെ അയച്ച് വനിതാ കമ്മീഷന്‍, സര്‍ക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഭില്‍വാര (Bhilwara) ജില്ലയില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷന്‍ (National Commission for Women).

ഭില്‍വാര ജില്ലയിലേക്ക് ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ വെള്ളിയാഴ്ച പ്രതികരിച്ചു.

ലോണ്‍ തിരിച്ചടവ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഭില്‍വാര ജില്ലയില്‍ പെണ്‍കുട്ടികളെ സ്റ്റാമ്പ് പേപ്പറില്‍ ലേലം ചെയ്യുന്നതായാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ (Dainik Bhaskar) ആയിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറി, ഭില്‍വാര പൊലീസ് സൂപ്രണ്ട് എന്നിവരെ കാണുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.

”ദേശീയ വനിതാ കമ്മീഷന്റെ ഒരു ടീമിനെ രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലേക്ക് അയയ്ക്കുന്നു. നവംബര്‍ ഒന്നിന് ഞാന്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയെയും ഭില്‍വാര പൊലീസ് സൂപ്രണ്ടിനെയും കാണും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് നിന്ന് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല,” രേഖ ശര്‍മ പറഞ്ഞു.

ഭില്‍വാര ജില്ലയിലെ പല ഗ്രാമങ്ങളിലും പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വേണ്ടി സ്റ്റാമ്പ് പേപ്പറില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. രണ്ടംഗ സംഘത്തെയാണ് കമ്മീഷന്‍ സംഭവത്തിന്മേല്‍ അന്വേഷണത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്നത്.

വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാനും അത് സംബന്ധിച്ച് കമ്മീഷനെ അറിയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്കും എഫ്.ഐ.ആറില്‍ പ്രസക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്താനും എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചുകൊണ്ട് രാജസ്ഥാന്‍ പൊലീസ് ഡയറക്ടര്‍ ജനറലിനും വനിതാ കമ്മീഷന്‍ അധ്യക്ഷ കത്തയച്ചിട്ടുണ്ട്.

സംഭവത്തില്‍ രാജസ്ഥാന്‍ സംസ്ഥാന വനിതാ കമ്മീഷനും ഡി.ജി.പി, ഭില്‍വാര ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജസ്ഥാന്‍ ചൈല്‍ഡ് റൈറ്റ്സ് കമ്മീഷന്‍ (Rajasthan State Commission for Protection of Child Rights) അധ്യക്ഷ സംഗീത ബെനിവാള്‍ ഭില്‍വാര സംഭവത്തെ അപലപിച്ച് രംഗത്തെത്തുകയും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

സ്റ്റാമ്പ് പേപ്പറുകളില്‍ പെണ്‍കുട്ടികളെ ലേലം ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (The National Human Rights Commission) രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് പെണ്‍കുട്ടികളെ വില്‍പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാജസ്ഥാന്‍ മന്ത്രി പ്രതാപ് ഖചാരിയവാസ് (Pratap Khachariyawas) നിഷേധിച്ചു.

‘ഇത് അന്വേഷണം നടന്നുവരുന്ന വിഷയമാണ്. ഇത്തരം വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, അതില്‍ അന്വേഷണം നടക്കുന്നതുവരെ നമുക്ക് സത്യമറിയാന്‍ കഴിയില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആദ്യം രാജസ്ഥാന്‍ പൊലീസുമായി ഇക്കാര്യം സംസാരിക്കണം. സംസ്ഥാനത്ത് പെണ്‍കുട്ടികളെ വില്‍പന ചെയ്യുന്നതായുള്ള സംഭവങ്ങള്‍ നടക്കുന്നില്ല,” മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 26നായിരുന്നു ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എട്ട് വയസുമാത്രം പ്രായമുള്ള കുട്ടികളെ ഇത്തരത്തില്‍ വില്‍പന നടത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ജാതി പഞ്ചായത്തുകളാണ് (caste panchayats or caste councils) ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഭില്‍വാര ജില്ലയില്‍, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ അവര്‍ പൊലീസിനെ സമീപിക്കുന്നതിനുപകരം, ഒത്തുതീര്‍പ്പിനായി ജാതി പഞ്ചായത്തുകളെയാണ് സമീപിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

Content Highlight: On reported sale of girls over loans in Rajasthan, Women’s commission and Human Rights Commission took further move

We use cookies to give you the best possible experience. Learn more