ന്യൂദല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിയമത്തില്‍ എം.പിമാരുടെ സമിതിയുടെ അവലോകനത്തിന് സര്‍ക്കാര്‍ സമ്മതിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ നിയമം തിരക്കുകൂട്ടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ബില്ലിന്റെ പാര്‍ലമെന്ററി സൂക്ഷ്മപരിശോധനയ്ക്ക് സര്‍ക്കാര്‍ എതിരല്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബില്ലിന്റെ അടുത്ത നീക്കമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന.
രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും പറഞ്ഞിരുന്നു.
വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സി.പി.ഐ.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.