| Saturday, 25th March 2023, 5:09 pm

ബി.ജെ.പി വിശാലമനസ്കത കാണിക്കണം; രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷ വിധിച്ച നടപടി കടുത്തതെന്ന് പ്രശാന്ത് കിഷോർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷം തടവ് വിധിച്ച നടപടിയെ എതിർത്ത് രാഷ്ട്രീയ നിരീക്ഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺ​ഗ്രസിന് വേണ്ടത്ര സാധിച്ചിട്ടില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

രാഹുൽ ​ഗാന്ധിക്ക് വിധിച്ച ശിക്ഷ കടുത്തുപോയെന്നും വലിയ മനസുള്ളവർക്കേ ഉയരത്തിലെത്താൻ സാധിക്കൂവെന്നും ബി.ജെ.പി ശിക്ഷയിൽ ഇളവ് വരുത്തണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

“ഞാൻ ഒരു നിയമവിദ​ഗ്ധനല്ല. നിയമനടപടികളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി തന്നെ പറയുകയാണ്, രാഹുൽ ​ഗാന്ധിക്ക് എതിരെയുള്ള നടപടി അൽപം കടുത്ത് പോയി. തെരഞ്ഞെടുപ്പ് ചൂടിൽ ആളുകൾ പല കാര്യങ്ങളും പറയും. അത് സാധാരണമാണ്. ഇത് ആദ്യത്തെ സംഭവവുമല്ല. അവസാനത്തേത് ആകാൻ പോകുന്നുമില്ല.

പണ്ട് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ വചനം അനുസ്മരിച്ചുകൊണ്ട് പറയുന്നു, ചെറിയ മനസ് കൊണ്ട് ആരും ഉയരങ്ങളിലെത്തില്ല,” പ്രശാന്ത് കിഷോർ പറഞ്ഞു.

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കാൻ ധൃതി കൂട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബി.ജെ.പി ഇന്ന് അധികാരത്തിലാണ്. വലിയ മനസ്സ് കാണിക്കേണ്ട ബാധ്യത അവർക്കായിരുന്നു. കുറച്ച് ദിവസം കാത്തിരിക്കുകയും പ്രതിയാക്കപ്പെട്ടയാളെ അപ്പീലിൽ പോകാൻ അനുവദിക്കുകയും ശേഷം ഒരു പ്രതികരണവും കാണുന്നില്ലെങ്കിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു,” കിഷോർ കൂട്ടിച്ചേർത്തു.

ദൽഹിയിൽ ഇരുന്ന് ട്വീറ്റ് ചെയ്തതുകൊണ്ടും, പാർലമെന്റിലേക്ക് മാർച്ച് നടത്തിയത് കൊണ്ടും കോൺ​ഗ്രസിന് രാജ്യത്ത് പിടിച്ചുനിൽക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: On Rahul Gandhi row, Prashant Kishor recalls Vajpayee’s words: ‘chhote mann se…’

We use cookies to give you the best possible experience. Learn more