| Thursday, 9th July 2020, 7:14 pm

ഇതിനെല്ലാം കാരണം നിങ്ങളാണെങ്കില്‍ അത് നല്ലതിനല്ല; ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാരൂപീകരണത്തിന് ശേഷവും വകുപ്പുവിഭജനം നീളുന്നതില്‍ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ഗണേഷ് സിംഗ്. വകുപ്പ് വിഭജനം നീളുന്നതിന് പിന്നില്‍ സിന്ധ്യയാണെങ്കില്‍ അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ നല്ല സന്ദേശമല്ല നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

‘സിന്ധ്യയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകസ്ഥാനമാണ് ഉള്ളത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം അദ്ദേഹത്തെ ഉയര്‍ന്ന സ്ഥാനത്താണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. താനാണോ വകുപ്പ് വിഭജനത്തിന് തടസം സൃഷ്ടിക്കുന്നത് എന്ന കാര്യം സ്വയം പരിശോധിക്കണം. ശിവരാജ് സിംഗ് ചൗഹാന് കീഴില്‍ നല്ലൊരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യമാവണം’, ഗണേഷ് സിംഗ് പറഞ്ഞു.

മാര്‍ച്ച് 23 ന് അധികാരമേറ്റെടുത്ത ചൗഹാന്‍ മന്ത്രിസഭയില്‍ ആദ്യ മാസം ഒരു മന്ത്രിമാരും ഇല്ലായിരുന്നു. പിന്നീട് ഏപ്രില്‍ 21നാണ് അഞ്ച് മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്.

സിന്ധ്യയുടെ വിശ്വസ്തരെയായിരുന്നു ചൗഹാന്‍ പരിഗണിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭ വികസനം പൂര്‍ത്തിയാക്കിയത്.

തന്റെ ഒപ്പം കൂറുമാറി ബി.ജെ.പിയിലെത്തിയവരെ മന്ത്രിമാരാക്കിയതിന് പിന്നാലെ അവര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കണമെന്ന സമ്മര്‍ദ്ദം ജ്യോതിരാദിത്യ സിന്ധ്യ മുന്നോട്ടുവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മന്ത്രിസഭ വികസിപ്പിച്ചെങ്കിലും ആര്‍ക്കും വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. ചൗഹാന്‍ ദല്‍ഹിയില്‍നിന്നും തിരിച്ചെത്തിയ ശേഷം വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നടപടിയായിട്ടില്ല. വകുപ്പ് വിഭജനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ചൗഹാന്‍ അറിയിച്ചിരിക്കുന്നത്.

സിന്ധ്യ ക്യാമ്പിലെ 12 മുന്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 28 പേരാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിന്ധ്യയുടെ വിശ്വസ്തര്‍ക്ക് ഭൂരിപക്ഷം നല്‍കിയതില്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ളില്‍ അമര്‍ഷമുണ്ടായിരുന്നു.

തുടര്‍ന്ന് സുപ്രധാന വകുപ്പുകള്‍ക്കൂടി സിന്ധ്യ ക്യാമ്പ് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. എം.എല്‍.എ സ്ഥാനം രാജിവെച്ച് വന്ന ഇവര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടതുമുണ്ട്.

അതേസമയം, മുന്‍ ബി.ജെ.പി സര്‍ക്കാരുകളിലെ മന്ത്രിമാരായിരുന്ന പല നേതാക്കളും ചൗഹാന്‍ മന്ത്രിസഭയില്‍ ഉയര്‍ന്ന വകുപ്പുകള്‍ ആഗ്രഹിക്കുന്നുമുണ്ട്. ഇതിനോട് വിയോജിച്ച് കൂടുതല്‍ വകുപ്പുകള്‍ കൈക്കലാക്കാനാണ് സിന്ധ്യയുടെ നീക്കം.

സിന്ധ്യ ക്യമ്പും ചൗഹാന്‍ ക്യാമ്പും തമ്മിലുള്ള ഈ തര്‍ക്കമായിരുന്നു മന്ത്രിസഭാ വികസനത്തിനുതന്നെ കാലതാമസം വരുത്തിയിരുന്നത്. ഇപ്പോള്‍ ആ തര്‍ക്കം വകുപ്പുകളെ ചൊല്ലി തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more