ബെംഗളൂരു: വോട്ടുബാങ്ക് നിലനിര്‍ത്താനായി കോണ്‍ഗ്രസ് കര്‍ണാടകയില്‍ സുല്‍ത്താന്മാരുടെ ജയന്തി ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ടാണ് മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ സ്വഭാവം നോക്കൂ. ആരുടെ ജന്മദിനമാണ് ആദരവോടെ ആചരിക്കേണ്ടത്. തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആരില്‍ നിന്നാണ് പ്രചോദനമുള്‍ക്കൊള്ളേണ്ടത്. വീര മടക്കരിയും ഒനാകെ ഒബാവ്വെയുമെല്ലാം മറക്കപ്പെട്ടിരിക്കുകയാണ്. ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ മോദി പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷിച്ചതിലൂടെ കോണ്‍ഗ്രസ് കര്‍ണാടകയിലെയും ചിത്രദുര്‍ഗയിലെയും ആളുകളെ അപമാനിച്ചിരിക്കുകയാണെന്നും ചിത്രദുര്‍ഗയിലെ ആളുകളുടെ വികാരം വെച്ചാണ് കോണ്‍ഗ്രസ് കളിച്ചതെന്നും മോദി പറഞ്ഞു.
ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പിയും സംഘപരിവാറും നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.
അതേ സമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തു വന്നു. താന്‍ മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന ഹിന്ദുവാണെന്നും വര്‍ഗീയ ധ്രുവീകരണത്തിന് താനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.