ഡോക്ടറുടെ അടുത്ത് ചെന്നാല്‍ ചികിത്സ നിഷേധിക്കും, കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല, മുടിവെട്ടിത്തരിക പോലുമില്ല; ബലാംത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും വിലക്ക് കല്‍പ്പിച്ച് ഒരു ഗ്രാമം
national news
ഡോക്ടറുടെ അടുത്ത് ചെന്നാല്‍ ചികിത്സ നിഷേധിക്കും, കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല, മുടിവെട്ടിത്തരിക പോലുമില്ല; ബലാംത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും വിലക്ക് കല്‍പ്പിച്ച് ഒരു ഗ്രാമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th May 2018, 12:39 pm

ചിറ്റോര്‍ഗര്‍: ക്രൂരബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുബത്തിനും വിലക്കേര്‍പ്പെടുത്തി ഒരു ഗ്രാമം. രാജസ്ഥാനിലെ ചിറ്റോഗറിലാണ് ഒരു കുടുംബത്തെ ഒന്നടങ്കം ഭ്രഷ്ട് കല്‍പ്പിച്ച് പഞ്ചായത്ത് അകറ്റിനിര്‍ത്തുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ക്രൂരമായ ബലാത്സംഗത്തിന് പെണ്‍കുട്ടി ഇരയാകുന്നത്. ബലാത്സംഗം ചെയ്തവന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാന്‍ പെണ്‍കുട്ടി വിസ്സമതിച്ചതാണ് ഈ വിലക്കിന് കാരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

“”പച്ചക്കറിയോ വീട്ടുസാധനങ്ങളോ വാങ്ങാനായി കടയില്‍ ചെന്നാല്‍ അവര്‍ അത് തരില്ല. അസുഖം വന്ന് ഡോക്ടറുടെ അടുത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് ഇവിടെ ചികിത്സയില്ലെന്ന് പറയും. എന്തിന് മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പില്‍ ചെന്നാല്‍ പോലും അവര്‍ പറ്റില്ലെന്ന് പറയും. അരിയോ മറ്റ് സാധനങ്ങളോ പൊടിപ്പിക്കാനായി മില്ലില്‍ ചെന്നാല്‍ അവരും അതിന് തയ്യാറാവില്ല- പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാക്കുകളാണ് ഇത്.


Dont Miss മോദിയുടേതുള്‍പ്പെടെ ഒരു മാസത്തെ ശമ്പളം ഗംഗ ശുചീകരണ ഫണ്ടിലേക്ക് നല്‍കണം: രാഷ്ട്രപതിക്ക് കത്തയച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി


തങ്ങളുടെ സമുദായത്തില്‍പ്പെട്ടവരോടുപോലും ഒരു സഹായവും ചെയ്യരുതെന്നാണ് പഞ്ചായത്ത് ഉത്തരവിട്ടിരിക്കുന്നത്.””പഞ്ചായത്ത് ഗ്രാമസഭ വിളിച്ചുചേര്‍ത്ത ശേഷമായിരുന്നു എന്നോട് കോടതിയില്‍ മൊഴി മാറ്റണമെന്ന ആവശ്യം പറയുന്നത്. മൊഴി മാറ്റിപ്പറഞ്ഞതിന് ശേഷം പ്രതിയുമായി ധാരണയിലെത്തണമെന്നും കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു പഞ്ചായത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് ഞാന്‍ തയ്യാറായിരുന്നില്ല””- പെണ്‍കുട്ടി പറയുന്നു.

ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തിന് പിന്നാലെ പഞ്ചായത്തിലെ ചില അധികാരികള്‍ പെണ്‍കുട്ടിയേയും വീട്ടുകാരേയും സമീപിക്കുകയും പ്രതിക്ക് അനുകൂലമായി സംസാരിച്ചില്ലെങ്കില്‍ സമുദായ ഭ്രഷ്ട് കല്‍പ്പിച്ച് ഗ്രാമത്തില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ കുടുംബങ്ങള്‍ പറയുന്നു. വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.