ഹോളിവുഡ്: ഗസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി ഓസ്കാർ പുരസ്‌കാര വേദിയിൽ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാർക് റഫാലോ ഉൾപ്പെടെയുള്ള താരങ്ങൾ.
യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തിൽ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആർട്ടിസ്റ്റ്സ്4ഫയർ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകൾ.
ജെനിഫർ ലോപ്പസ്, കേറ്റ് ബ്ളാൻചെ, ഡ്രേക്ക്, ബെൻ എഫ്ലക്, ഈ വർഷത്തെ ഓസ്കാർ നോമിനേഷനിൽ ഉൾപ്പെട്ട ബ്രാഡ്ലി കൂപ്പർ, അമേരിക്ക ഫെരേര ഉൾപ്പെടെ 400 പേർ കത്തിൽ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ കുറേ കാലമായി ഓസ്കാർ വേദിയിൽ ഗസ സംഘർഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാൻ താരങ്ങൾ മടിക്കുകയാണ് പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം.
ബാർബിയിലെ ഗാനത്തിന് ഓസ്കാർ നേടിയ നേടിയ ബില്ലി ഐലിഷും സഹോദരനും നിർമാതവുമായ ഫിന്നീസും വേദിയിൽ ബാഡ്ജ് ധരിച്ചിരുന്നു.
മൂന്ന് ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ പുവർ തിങ്‌സിലെ അഭിനേതാവ് റാമി യൂസഫ് തന്റെ ജാക്കറ്റിൽ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിക്കാൻ വേദിയിൽ എത്തിയത്.
‘ഈ ബാഡ്ജുകർ ധരിക്കേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം നിങ്ങൾക്കിടയിലുണ്ടാകും. ഇതിനകം വെടിനിർത്തൽ നടപ്പാക്കിയിട്ടുണ്ടാകുമെന്ന് കരുതിയ ഒരു വിഭാഗം ഞങ്ങൾക്കിടയിലുമുണ്ട്. പക്ഷേ അത് സംഭവിച്ചില്ല,’ യൂസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
റെഡ് കാർപ്പറ്റിൽ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ചോദ്യങ്ങൾ മാത്രമേ താൻ നേരിട്ടുള്ളൂ എന്നത് തന്നെ അതിശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത് രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടതോ പ്രതികാരമോ അല്ല, വളരെ ലളിതമായി നമുക്ക് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് നിർത്താം എന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ അവ ദുവെർനെ, നടൻ ക്വന്ന ചേസിങ് ഹോഴ്സ് തുടങ്ങിയവരും ബാഡ്ജ് ധരിച്ചിരുന്നു.
ഫ്രഞ്ച് നടന്മാരായ മിലോ മച്ചാഡോ ഗ്രെയ്നറും സ്വാൻ ആർലോഡും ഫലസ്തീൻ പതാകയുടെ ബാഡ്ജായിരുന്നു ധരിച്ചത്.
അതേസമയം ജനുവരിയിൽ നടന്ന ഗോൾഡൻ ഗ്ലോബ് വേദിയിൽ നടി ജെ. സ്മിത്ത് ക്യാമറോൺ ഉൾപ്പെടെയുള്ള താരങ്ങൾ ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഞ്ഞ ബാഡ്ജുകൾ ധരിച്ചിരുന്നു.
Content Highlight: On Oscars Carpet, Red Pins Worn to Call for Cease-Fire in Gaza