ന്യൂദൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയവുമായി മുന്നോട്ട് പോകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കുവാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു.
സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സെഷൻ നടക്കുമെന്ന പ്രഖ്യാപനമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചത്.
പ്രത്യേക പാർലമെന്ററി സമ്മേളനത്തിന്റെ പ്രഖ്യാപനമുണ്ടായ ഉടൻ അജണ്ടകളെ കുറിച്ചുള്ള ഊഹങ്ങൾ വ്യാപകമായിരുന്നു. നിലവിലെ പാർലമെന്റ് പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണ് അജണ്ടകളിലൊന്ന് എന്നുള്ള റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നത്. എന്നാൽ, ഇത് ക്യാബിനെറ്റിന് തീരുമാനിക്കാനാകും.
പ്രത്യേക പാർലമെന്റ് സിറ്റിങ് നടത്തേണ്ടതിന്റെ ആവശ്യമില്ല. എന്നിരുന്നാലും, ഈ വർഷം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭാ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് സർക്കാരിന്റെ നേട്ടങ്ങൾ മുന്നോട്ട് വച്ച് പാർലമെന്റ് സമ്മേളനത്തിലൂടെ ജനങ്ങളെ അറിയിക്കുക എന്ന സർക്കാർ പദ്ധതിയാകാം ഇതെന്നാണ് മറ്റൊരു വാദം.
നവംബർ – ഡിസംബർ മാസങ്ങളിലായി അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. അടുത്ത വർഷം മെയ് – ജൂൺ മാസങ്ങളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ഇന്ത്യ മുന്നണി ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമനിർമാണ സാധ്യതകൾ തേടാൻ മാത്രമല്ല സമിതി രൂപീകരിച്ചത്, മറ്റു രാഷ്ട്രീയ പാർട്ടികളുമായി സമവായത്തിലെത്താനും തടസമില്ലാതെ ബിൽ പാസാക്കാനുമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. സമിതിയിലെ മറ്റ് അംഗങ്ങൾ ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതൽ നരേന്ദ്ര മോദി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സംവാദമാകാമെന്നും സമവായത്തിലെത്താമെന്നും അദ്ദേഹം പൊതുവേദികളിൽ പറഞ്ഞിരുന്നു.
അതേസമയം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലാക്കാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. മാത്രമല്ല, സംസ്ഥാനങ്ങളും ഇതിൽ തീരുമാനമെടുക്കേണ്ടതുണ്ട്. 1967 വരെ രാജ്യത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരുന്നു നടന്നിരുന്നത്.
പിന്നീട് ചില സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയപ്പോഴാണ് ഇതിന് മാറ്റം വന്നത്. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന 1950കളിലും 60കളിലും കുറഞ്ഞ സംസ്ഥാനങ്ങളും ജനസംഖ്യയുമായിരുന്നു ഉണ്ടായിരുന്നത്.
Content Highlight: On ‘one-nation, one-election’, Centre forms Ram Nath Kovind-headed committee