ന്യൂദല്‍ഹി: ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെയ്പ്പ് നടത്തിയ യുവാവ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയത് ഫേസ്ബുക്ക് ലൈവ് നല്‍കിയ ശേഷം.
‘രാം ഭക്ത് ഗോപാല്‍’ എന്ന പ്രൊഫൈലില്‍ നിന്നാണ് യുവാവ് ഫേസ്ബുക്ക് ലൈവ് നല്‍കുകയും പോസ്റ്റ് ഇടുകയും ചെയ്തത്.
പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് ‘എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക’ എന്ന് പോസ്റ്റ് ചെയ്ത് കൊണ്ടാണ് എത്തിയത്.
‘ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാം ഗോപാല്‍. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് ഇന്ന് വെടിവെപ്പ് നടന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. ദല്‍ഹി പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ജാമിയ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ജാമിയ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും മാര്‍ച്ച് സംഘടിപ്പിച്ചത്.