| Thursday, 10th June 2021, 3:30 pm

മുകുള്‍ റോയി വീണ്ടും തൃണമൂലില്‍ എത്തുമോ? ബംഗാളില്‍ ശ്വാസംമുട്ടി ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാളിലേറ്റ പരാജയത്തിന് പിന്നാലെ ബി.ജെ.പിയില്‍ പ്രതിസന്ധി തുടരുകയാണ്. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ പല നേതാക്കളും വീണ്ടും തൃണമൂലിലേക്കു തന്നെ മടങ്ങാനുള്ള നീക്കത്തിലാണ്.

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്കെത്തിയ മമതയുടെ അടുത്ത അനുയായിയായിരുന്ന മുകുള്‍ റോയി തിരിച്ച് പോകുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ബി.ജെ.പി.

കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി. യോഗത്തില്‍ റോയി പങ്കെടുക്കാത്തതും സംശയത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ ബി.ജെ.പിയും തൃണമൂലും ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
പക്ഷേ മുകുള്‍ റോയിയെ കുറിച്ച് തൃണമൂല്‍ നേതാവ് സൗഗത റോയി നടത്തിയ പ്രതികരണം സൂചിപ്പിക്കുന്നത് മുകുള്‍ റോയിയുടെ തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

” അഭിഷേക് ബാനര്‍ജിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ധാരാളം ആളുകള്‍ ഉണ്ട്, അവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത്യാവശ്യ സമയത്ത് പാര്‍ട്ടിയെ അവര്‍ ഒറ്റിക്കൊടുത്തുവെന്ന് എനിക്ക് തോന്നുന്നു. അന്തിമ തീരുമാനം മമത എടുക്കും,” സൗഗത റോയി പറഞ്ഞു.

പാര്‍ട്ടി വിട്ടശഷം സുവേന്തു അധികാരി മമതാ ബാനര്‍ജിയോട് മോശമായി പെരുമാറിയെങ്കിലും മുകുള്‍ റോയി മമതയെ പരസ്യമായി അധിക്ഷേപിച്ചിട്ടില്ലെന്നും റോയ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നു.

ഏറ്റവും ഒടുവില്‍ അഞ്ച് മുന്‍ എം.എല്‍.എമാരേക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ബി.ജെ.പി. പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസുമായി ഇവര്‍ ബന്ധപ്പെടുന്നുണ്ടെന്നാണു ബി.ജെ.പി. ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്.

ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന 18 എം.എല്‍.എമാര്‍ക്കും ബി.ജെ.പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നു.

എന്നാല്‍ അഞ്ചു പേര്‍ക്കാണു ജയിക്കാനായത്. നേരത്തെ തൃണമൂല്‍ വിട്ട് ബി.ജെ.പി.യിലെത്തിയ അഞ്ച് നേതാക്കള്‍ പാര്‍ട്ടിവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlighs: On Mukul Roy’s Return, A Heavy Hint From Trinamool MP

We use cookies to give you the best possible experience. Learn more