| Monday, 22nd April 2019, 11:52 pm

മെയ് 23ന് ജനങ്ങളുടെ കോടതി പറയും, കാവല്‍ക്കാരന്‍ കള്ളനാണെന്ന്; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെയ് 23ന് വോട്ടെണ്ണല്‍ ദിവസം ജനങ്ങളുടെ കോടതി കാവല്‍ക്കാരന്‍ കള്ളനാണെന്ന് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞെന്ന തന്റെ പ്രസ്താവനയില്‍ കോടതിയോട് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘മെയ് 23ന് ജനങ്ങളുടെ കോടതി താമര ചാപ്പ കുത്തിയ കാവല്‍ക്കാരന്‍ കള്ളനാണെന്ന് തീരുമാനിക്കും. ന്യായ് വരും. പാവങ്ങളില്‍ നിന്നും പിടിച്ചെടുത്ത് പണക്കാര്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുത്ത കാവല്‍ക്കാരന് ശിക്ഷിക്കപ്പെടും’- രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു. ചൗകിദാര്‍ ചോര്‍ ഹെ എന്ന ഹാഷ്ടാഗോട് കൂടിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോടതിയോട് ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള രാഹുലിന്റെ മറുപടി ബി.ജെ.പി നേതാക്കള്‍ നീചമായി തെറ്റായി വ്യാഖ്യാനം ചെയ്തുവെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. ബി.ജെ.പി നേതാക്കളുടെ പ്രതികരണം കോടതിയലക്ഷ്യമാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി കോടതിക്ക് മറുപടി നല്‍കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം കള്ളമാണ് തെളിഞ്ഞു എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

റാഫേല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെക്കുറിച്ച് ദ ഹിന്ദു പുറത്തുവിട്ട രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.

ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ തെരഞ്ഞടുപ്പ് പ്രചരണ പരിപാടികളില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെയായിരുന്നു ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more