ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണം കോണ്‍ഗ്രസിനകത്ത് ചെറുതല്ലാത്ത രീതിയിലുള്ള അഭിപ്രായഭിന്നതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ മമതയ്ക്ക് നേരെ നടന്ന ആക്രമണം രാഷ്ട്രീയ നാടകമാണെന്ന് വാദിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ മമതയ്ക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
അധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ബംഗാള്‍ യൂണിറ്റ് മമതയ്‌ക്കെതിരെ നിലകൊള്ളുമ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ സംഭവത്തെ അപലപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഭവത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
നന്ദിഗ്രാമില്‍ വെച്ച് ആക്രമിക്കപ്പെട്ട മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
‘ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നെഞ്ച് വേദനയുണ്ടായെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും മമത പറഞ്ഞിരുന്നു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മന്ത്രിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്’, എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടര്‍ എം. ബന്ധ്യോപദ്ധ്യായ പറഞ്ഞു.
മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ച് പേര്‍ വന്ന് തള്ളി. കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: On Mamata Banerjee “Attack” Charge, The Many Divides Within Congress