ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം പണിയേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും ശ്രീരാമന്റെ മാതൃകകളെ അവഗണിച്ചു കൊണ്ട് ഇന്ത്യയ്ക്കൊരിക്കലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്‍ കാണിച്ചു തന്ന ജീവിത മാതൃകയെ പരാമര്‍ശിക്കാതെയും ഉള്‍ക്കൊള്ളാതെയും ഒരു കാര്യവുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും രാമന്റെ പ്രവര്‍ത്തികള്‍ പ്രതിഫലിക്കുന്നുവെന്നും ഇന്ത്യക്കാരുടെ എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രബിന്ദു ശ്രീരാമനാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിലെ ഭൂമിതര്‍ക്കത്തില്‍ സ്വയം മധ്യസ്ഥതയ്‌ക്കെത്തിയ ആത്മീയനേതാവും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനുമായശ്രീ ശ്രീ രവിശങ്കര്‍ നവംബര്‍ 16 ന് തര്‍ക്ക ഭൂമി സന്ദര്‍ശിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ വിവാദം വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.
തന്റെ സ്വന്തം താത്പര്യപ്രകാരമാണ് മധ്യസ്ഥതയ്ക്ക് എത്തിയതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നുമായിരുന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ തനിക്ക് അജന്‍ഡകളൊന്നും ഇല്ലെന്നും, സന്ദര്‍ശനത്തില്‍ എല്ലാവരെയും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന 13-ാം നെഹ്‌റു മെമ്മോറിയല്‍ ലക്ചറില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, രവിശങ്കറിന്റെ സന്ദര്‍ശനത്തിനെതിരേ മുസ്ലിം വ്യക്തിനിയമബോര്‍ഡ് പ്രതികരിച്ചിട്ടുണ്ട്. ബാബറിമസ്ജിദ് കര്‍മസമിതിയും നേരത്തേ ഇതിനോട് എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു. രവിശങ്കറെ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത് സ്വീകാര്യമല്ലെന്നുമാണ് വ്യക്തിനിയമബോര്‍ഡിന്റെ നിലപാട്.
വിശ്വഹിന്ദുപരിഷത്ത് നേതാവും ബി.ജെ.പി. മുന്‍ എം.പിയുമായ രാംവിലാസ് വേദാന്തി നേരത്തേ രവിശങ്കറിനെതിരേ രംഗത്തുവന്നിരുന്നു. രവിശങ്കറിന് മധ്യസ്ഥത വഹിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു വേദാന്തിയുടെ പ്രതികരണം. മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയാണ് രാംവിലാസ് വേദാന്തി.
അയോധ്യയിലെ തര്‍ക്കം തീര്‍ക്കുന്നതിന് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡും സന്ന്യാസി കൂട്ടായ്മയായ അഖാഡ പരിഷത്തും തമ്മില്‍ കഴിഞ്ഞദിവസം ചര്‍ച്ചനടത്തിയിരുന്നു. വിഷയത്തില്‍ ധാരണയായതായി ഷിയാ ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്വി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനുമുമ്പ് ഒത്തുതീര്‍പ്പ് ധാരണ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. സുന്നിബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരുമെന്ന് രാമജന്മഭൂമി ട്രസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്.