പത്തു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ
Daily News
പത്തു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2016, 8:46 am

ന്യൂദല്‍ഹി: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പ്രതിരോധ രംഗത്ത് വന്‍ മുതല്‍മുടക്ക് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. 15 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണ് പ്രതിരോധ വകുപ്പ് ഒരുങ്ങുന്നത്.

500 ഹെലികോപ്റ്ററുകള്‍, 220 യുദ്ധവിമാനങ്ങള്‍, 12 അന്തര്‍വാഹിനികള്‍ എന്നിവയാണ് രാജ്യം വാങ്ങാന്‍ പോകുന്നത്. യുദ്ധവിമാനങ്ങളില്‍ 100 എണ്ണം ഒറ്റ എഞ്ചിന്‍ ഉള്ളതും 120 എണ്ണം ഇരട്ട എഞ്ചിന്‍ ഉള്ളതുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സേനയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് ആയുധങ്ങള്‍ വാങ്ങുന്നത്. ഇതിനായുള്ള ദീര്‍ഘകാല പദ്ധതിയുടെ കരട് തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

ഇതാദ്യമായാണ് ഇത്രയും വലിയൊരു സാമ്പത്തിക ഇടപാട് മന്ത്രാലയം നടത്തുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ആസൂത്രണത്തിന് പൊതുബജറ്റിന്റെ എട്ട് ശതമാനത്തോളം വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ചിലവഴിക്കേണ്ടി വരുന്ന തുക എത്രയെന്ന് കണക്കാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2017 മാര്‍ച്ച് വരെ 86,340 കോടി രൂപ ചിലവഴിക്കേണ്ടി വരും. പരമാവധി ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആകെ കണക്കാക്കുന്ന തുകയില്‍ നിന്ന് 5000 കോടിയെങ്കിലും കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് മന്ത്രാലയം.