| Friday, 25th November 2016, 9:02 pm

അത് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ; പാക്ക് അധീന കാശ്മീരിലെ ഇന്ത്യന്‍ അവകാശവാദത്തിനെതിരെ ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്ക് അധീന കാശ്മീര്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ കീഴിലാണ്. അനന്തരാവകാശമായി കിട്ടിയ സ്വത്ത് പോലെ അവകാശവാദമുന്നയിക്കാന്‍ അത് ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 


ശ്രീനഗര്‍: പാക്ക് അധീന കാശ്മീരില്‍ ഇന്ത്യ അവകാശവാദമുന്നയിക്കുന്നതിനെതിരെ മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള.

പാക്ക് അധീന കാശ്മീരില്‍ അവകാശവാദം ഉന്നയിക്കാന്‍ അത് ഇന്ത്യയുടെ അച്ഛന്റെ സ്വത്താണോ എന്ന് അദ്ദേഹം ചോദിച്ചു. പാക്ക് അധീന കാശ്മീര്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ കീഴിലാണ്. അനന്തരാവകാശമായി കിട്ടിയ സ്വത്ത് പോലെ അവകാശവാദമുന്നയിക്കാന്‍ അത് ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

മകന്‍ ഉമര്‍ അബ്ദുള്ളയ്‌ക്കൊപ്പം ചെനാബ് വാലിയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ ഒരു കക്ഷിയാണ്. കേന്ദ്ര സര്‍ക്കാര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്ക് അന്ത്യമാകണമെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച പുനരാരംഭിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.


ഏഴ് പതിറ്റാണ്ടായി തുടരുന്ന കാശ്മീര്‍ പ്രശ്‌നത്തിന് അറുതിയാകണമെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പ്രദേശത്ത് സ്വയംഭരണം അനുവദിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ല. അതിര്‍ത്തികള്‍ മാറ്റേണ്ടതില്ല. ജനങ്ങള്‍ തമ്മിലുള്ള ഇടപാടുകളിലൂടെ അത് അപ്രസക്തമായിക്കൊള്ളും.

വാണിജ്യത്തിന്റെ പുതിയവഴികള്‍ തുറക്കുന്നതോടെ പ്രദേശത്ത് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യും. നിയന്ത്രണ രേഖയ്ക്ക് ഇരു വശത്തും സ്വയംഭരണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more