പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പനാജിയിലുള്ള ഓഫീസില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് രാഹുല്‍ പരീക്കറിന്റെ ഓഫീസിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാഹുല്‍ ഗാന്ധിയും സോണിയയും ഗോവയിലുണ്ട്.
പരീക്കറിന്റെ ഓഫീസിലേക്ക് കയറിപ്പോകുന്ന രാഹുലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായ ഒരു കൂടിക്കാഴ്ചയല്ല ഇതെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പരീക്കറിന്റെ ഓഫീസില്‍ നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.
റാഫേല്‍ ഇടപാടില്‍ മനോഹര്‍ പരിക്കറിനെതിരായ ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇടപാടുകളെ സംബന്ധിച്ച രേഖകള്‍ മനോഹര്‍ പരീക്കറിന്റെ പക്കല്‍ ഉണ്ടെന്നു ഗോവന്‍ മന്ത്രി വിശ്വജിത് റാണ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ ടേപ്പ് പുറത്തുവന്നതിന് ശേഷവും ഇതുവരെയും അന്വേഷണം നടത്തിയില്ലെന്നും മന്ത്രിക്കെതിരായ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ പരീക്കറിന്റെ കിടപ്പുമുറിയിലുണ്ടെന്നായിരുന്നു റാണ ഓഡിയോ ടേപ്പില്‍ വെളിപ്പെടുത്തിയിരുന്നത്. രേഖകള്‍ പലതും കൈവശം ഉള്ളതുകൊണ്ടാണ് മനോഹര്‍ പരീക്കര്‍ ഇപ്പോള്‍ ഗോവ മുഖ്യമന്ത്രി പദവയില്‍ ഇരിക്കുന്നതെന്നും റാണ ഓഡിയോ ടേപ്പില്‍ പറഞ്ഞിരുന്നു.
നേരത്തെ ഓഡിയോ ലോക്‌സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ തടഞ്ഞിരുന്നു.