യഥാര്‍ത്ഥ സ്‌നേഹിതരെ തിരിച്ചറിഞ്ഞു, സ്വാതന്ത്ര്യം അമൂല്യമെന്ന പാഠം പഠിച്ചു; പിറന്നാള്‍ ദിനത്തില്‍ ജയില്‍ അനുഭവം വിവരിച്ച് ശിവശങ്കര്‍
Kerala News
യഥാര്‍ത്ഥ സ്‌നേഹിതരെ തിരിച്ചറിഞ്ഞു, സ്വാതന്ത്ര്യം അമൂല്യമെന്ന പാഠം പഠിച്ചു; പിറന്നാള്‍ ദിനത്തില്‍ ജയില്‍ അനുഭവം വിവരിച്ച് ശിവശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 9:16 am

തിരുവനന്തപുരം: തന്റെ ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പിറന്നാള്‍ ദിന കുറിപ്പ്.

59 വയസ് തികഞ്ഞ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഫേസ്ബുക്കില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞെന്നും എന്നും ഒപ്പം ഉണ്ടാകുന്നവരെ മനസിലാക്കാന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്‌നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത്,’ ശിവശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ സര്‍വീസിലേക്ക് തിരിച്ചെത്തിയിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാര്‍ശ നല്‍കുകയായിരുന്നു.

സര്‍വീസില്‍ നിന്ന് പുറത്തായി ഒന്നരവര്‍ഷം പിന്നിട്ടതിന് ശേഷമായിരുന്നു എം. ശിവശങ്കര്‍ തിരിച്ചുവരുന്നത്

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.

സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.

98 ദിവസം ജയില്‍ വാസമാണ് അദ്ദഹം അനുഭവിച്ചിരുന്നത്. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല.

പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമാണ് സമിതിയുടെ ശിപാര്‍ശ.