ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ വിശുദ്ധ മരുന്ന് കൊണ്ടുവന്നത് പോലെ നമുക്കൊന്നിച്ച് കൊവിഡിനെ നേരിടാം; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മോദിയ്ക്ക് ബ്രസീല്‍ പ്രസിഡന്റിന്റെ കത്ത്
national news
ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ വിശുദ്ധ മരുന്ന് കൊണ്ടുവന്നത് പോലെ നമുക്കൊന്നിച്ച് കൊവിഡിനെ നേരിടാം; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മോദിയ്ക്ക് ബ്രസീല്‍ പ്രസിഡന്റിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th April 2020, 12:23 pm

മാരക്കാന: കൊവിഡ് 19 പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ എം ബോല്‍സെനാരോ കത്തയച്ചു. ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് രാമായണത്തെയും കൂട്ടുപിടിച്ചാണ് ബോല്‍സെനാരോ മോദിയ്ക്ക് കത്തയച്ചതെന്നതും ശ്രദ്ധേയമായി.

‘ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ വിശുദ്ധ മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികള്‍ക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കും’, ബോല്‍സെനാരോ കുറിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച മോദിയും ബോല്‍സെനാരോയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്.

കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.

നേരത്തെ അമേരിക്കയും ഇന്ത്യയോട് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധമരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇതിന് പിന്നാലെയാണ് പ്രതിരോധ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നല്‍കാം എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഒപ്പം ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കും ഹൈഡ്രോക്സി ക്ലോറോക്വിനിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നല്‍കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്ന് ലഭ്യതയില്‍ കുറവ് വരാതിരിക്കാനാണ് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയത്.

എന്നാല്‍ ഹൈഡ്രോക്‌സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടികള്‍ ഉണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അമേരിക്കയിലേക്കുള്ള മരുന്നിന്റെ കയറ്റുമതിയ്ക്കായി ഗുജറാത്തില്‍ മരുന്നുല്‍പ്പാദനം തുടങ്ങുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO: