Advertisement
World News
'സുഹൃത്തിന്റെ ക്ഷണത്തില്‍ സന്തുഷ്ടന്‍'; ഇന്ത്യയിലേക്ക് വരുന്നെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 20, 04:06 am
Sunday, 20th March 2022, 9:36 am

ജറുസലേം: ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. രണ്ട് രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം.

നൂതന സാങ്കേതികവിദ്യ, സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും സന്ദര്‍ശനം ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2022 ഏപ്രില്‍ 2 ശനിയാഴ്ച പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും,’ ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വെച്ചാണ് ബെന്നറ്റിനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്.

രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ സഖ്യം മുന്നോട്ട് കൊണ്ടുപോകുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കൂടാതെ, നവീകരണം, സമ്പദ് വ്യവസ്ഥ, ഗവേഷണം, വികസനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും.

”എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഞങ്ങള്‍ ഒരുമിച്ച് നമ്മുടെ രാജ്യങ്ങളുടെ ബന്ധത്തിന് വഴിയൊരുക്കും,” ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

 

Content Highlights: On “Friend” PM Modi’s Invitation, Israel’s Prime Minister To Visit India