[]അഹമ്മദാബാദ്: ഈദ് ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ വിചിത്രമായ നിയമവുമായി അഹമ്മദാബാദിലെ ഷോപ്പിങ് മാള്‍ രംഗത്ത്.
അഹമ്മദാബാദിലെ ഹിമാലയ മാളില്‍ പെരുന്നാള്‍ ദിവസം കയറുന്ന മുസ്‌ലീങ്ങളില്‍ നിന്നും പ്രവേശനഫീസ് ഈടാക്കിയതാണ് വിവാദത്തിന് ഇടയായത്. []
അഹമ്മദാബാദിലെ ഏറ്റവും വലിയ അഞ്ച് മാളുകളില്‍ ഒന്നായ ഹിമാലയ ഈദ് ദിനത്തിലാണ് മാളില്‍ കടക്കുന്ന മുസ്‌ലീങ്ങളില്‍ നിന്നും മാത്രം 20 രൂപ പ്രവേശന ഫീസ് ഈടാക്കിയത്.
മാളില്‍ നിന്നും എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണം തിരിച്ച് നല്‍കുന്നുണ്ട്. അല്ലാത്തവര്‍ക്ക് നല്‍കുകയുമില്ല.
മാളില്‍ കയറുന്ന മുസ്‌ലീം സമുദായത്തില്‍പെട്ട ആളുകളില്‍ നിന്നും മാത്രം ഫീസ് വാങ്ങുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജാതി തിരിച്ചുള്ള ഇത്തരം നടപടി അപലപനീയമാണെന്നാണ് ആളുകള്‍ പറയുന്നത്.
പ്രവേശന ഫീസ് അടക്കാതെ ആരെങ്കിലും മാളിനകത്ത് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവരെ തിരഞ്ഞുപിടിച്ച് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഫീസ് വാങ്ങുന്നുമുണ്ട്.
ഫീസ് നല്‍കാതെ മാളിലൂടെ സഞ്ചരിക്കുകയായിരുന്ന ദല്‍ഹി ചക്ല സ്വദേശി സെയിദ് ഷെയ്ഖിനെ സെക്യൂരിറ്റി ഗാര്‍ഡ് പിടികൂടി നിര്‍ബന്ധത്തോടെ ഫീസ് വാങ്ങിക്കുയും ചെയ്തു. ഈ നടപടിയില്‍ അങ്ങേയറ്റം വിഷമം തോന്നിയതായും അദ്ദേഹം വെളിപ്പെടുത്തി.
മാളില്‍ കയറുന്നതിന് പ്രവേശനഫീസ് നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ നടപടി വിഷമകരമാണെന്നും ഷാഹ്പൂര്‍ സ്വദേശി ഇല്ല്യാസ് അന്‍സാരി പറഞ്ഞു.
അതേസമയം തിരക്കുള്ള ദിവസങ്ങളില്‍ പാസ് ഏര്‍പ്പെടുത്താനുള്ള നടപടി അടുത്തിടെയാണ് തീരുമാനിച്ചതെന്നും മാളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ പുറത്താക്കാന്‍ വേണ്ടിയാണ് ഇതെന്നും ഹിമാലയ മാള്‍ മാനേജര്‍ ദീപ ബട്‌നഗര്‍ പറഞ്ഞു.
ഇനി വരാനിരിക്കുന്ന ദീപാവലി ദിനവും ആളുകളില്‍ നിന്നും ഫീസ് വാങ്ങുകയും തിരിച്ചുനല്‍കുകയും ചെയ്യും. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ ഇങ്ങനെയുണ്ടാവില്ലെന്നും അവര്‍ പറയുന്നു.
പതിനായിരം ആളുകള്‍ വരെയാണ് സാധാരണ ദിവസങ്ങളില്‍ മാളില്‍ വരാറുള്ളത്. എന്നാല്‍ ഈദ് ദിനത്തില്‍ മുപ്പതിനായിരം പേരാണ് മാളില്‍ എത്തിയത്. അതുകൊണ്ടാണ് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി ആളുകളുടെ തിരക്ക് കുറയ്ക്കാന്‍ ശ്രമിച്ചത്.
മുതിര്‍ന്നവരേയും സ്ത്രീകളേയും ഒഴിവാക്കിക്കൊണ്ടാണ് ഈ ഫീസ് ഈടാക്കിയത്. ഒരു പ്രത്യേക വിഭാഗത്തെ മുറിപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ല ഇത്. 20 രൂപയെന്ന് പറയുന്നത് അത്ര വലിയൊരു സഖ്യയല്ലല്ലോ എന്നും ദീപ ചോദിക്കുന്നു.
അതേസമയം സ്ത്രീകളും കുട്ടികളും കൂടി പ്രവേശന ഫീസ് നല്‍കി തന്നെ വേണമായിരുന്നു മാളിനകത്ത് കടക്കാനെന്നാണ് ഇതില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഈദ് ദിനത്തില്‍ മാളിനകത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാളിന്റെ ഗ്ലാസ്‌പൊട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ മാളില്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെയും പോലീസിനേയും നിയോഗിക്കാന്‍ മാള്‍ അധികൃതര്‍ തയ്യാറായതെന്നാണ് വിശദീകരണം.