| Saturday, 1st August 2020, 12:48 pm

'ദല്‍ഹി കലാപത്തിന് പിന്തുണ നല്‍കിയത് പൊലീസ്' നിരവധി മുസ്‌ലീങ്ങളെ ചുട്ടുകൊന്നു; ഹിന്ദു കലാപകാരിയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ മുസ്‌ലീങ്ങളെ ആക്രമിക്കാന്‍ എല്ലാ സഹായവും ചെയ്തു തന്നത് പൊലീസായിരുന്നെന്ന് കലാപത്തില്‍ പങ്കെടുത്ത വ്യക്തിയുടെ വെളിപ്പെടുത്തല്‍. ദി കാരവന്‍ മാഗസിന്  നല്‍കിയ അഭിമുഖത്തിലാണ് കലാപത്തില്‍ പങ്കെടുത്ത 22 കാരന്‍ ദല്‍ഹി കലാപത്തെ കുറിച്ചും അന്ന് നടന്ന കൊലപാതകങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത്.

താനും ഹിന്ദു കൂട്ടാളികളും ദല്‍ഹി പൊലീസിന്റെ പിന്തുണയോടെ മുസ്‌ലീങ്ങളെ ആക്രമിച്ചത് എങ്ങനെയെന്ന് വിശദമാക്കുകയാണ് അദ്ദേഹം അഭിമുഖത്തില്‍.

കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്നെന്നും നിങ്ങള്‍ എന്തെല്ലാമായിരുന്നു ചെയ്തത് എന്ന ചോദ്യത്തിന് ‘ഞാന്‍ ആളുകളെ മര്‍ദ്ദിച്ചു. കടകള്‍ തീയിട്ട് നശിപ്പിച്ചു, നിരവധി തവണ ഇത് ആവര്‍ത്തിച്ചു. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആരേയും കൊലപ്പെടുത്തിയിട്ടില്ലെന്നും പക്ഷേ നിരവധി ആളുകളെ താന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ചിലര്‍ ഞങ്ങള്‍ക്ക് നേരെ വന്നു. അതോടെ ഞങ്ങള്‍ ശക്തമായി തിരിച്ചടിച്ചു തുടങ്ങി. ഹിന്ദുവാണോ മുസ്‌ലീമാണോ എന്ന് ചോദിച്ചതിന് ശേഷമായിരുന്നു ഞങ്ങള്‍ അവരെ അടിച്ചത്. ആധാര്‍ കാര്‍ഡ് വരെ പരിശോധിച്ചിരുന്നു. ഹിന്ദുവെന്ന് പറഞ്ഞവരെ സഹായിക്കുകയും മുസ്‌ലീമെന്ന് പറഞ്ഞവരെ മര്‍ദ്ദിക്കുകയും ചെയ്തു.

കാറുകള്‍ അടക്കം തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ആരെങ്കിലും പേര് മാറ്റിപ്പറഞ്ഞതാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ അവരുടെ ലൈസന്‍സ് പ്ലേറ്റ് നോക്കും. ഏത് മതവിഭാഗക്കാരന്റേതാണ് ആ വണ്ടിയെന്ന് പരിശോധിക്കും. അതിന് ശേഷമായിരുന്നു മര്‍ദ്ദനം.

നിങ്ങള്‍ ആരുടെ ഭാഗത്തായിരുന്നു എന്ന ചോദ്യത്തിന് ‘ നിങ്ങള്‍ എന്ത് പേരിട്ടാണ് അതിന് വിളിക്കാറ്.. ഹിന്ദുത്വ’ എന്നായിരുന്നു ഇയാളുടെ മറുപടി. ആറോ ഏഴോ വാഹനങ്ങള്‍ ഞാന്‍ കത്തിച്ചിട്ടുണ്ട്. ഞാന്‍ അപ്പോള്‍ കലാപകാരികളില്‍ ഒരാളായിരുന്നു.

എവിടെ നടന്ന അക്രമത്തിലാണ് താങ്കള്‍ പങ്കെടുത്ത് എന്ന ചോദ്യത്തിന് കലിഗത്ത് റോഡില്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. എങ്ങനെയാണ് നിങ്ങള്‍ വാഹനം കത്തിച്ചത് എന്ന ചോദ്യത്തിന് 786 എന്ന് എന്നെഴുതിയ വാഹനങ്ങള്‍ കത്തിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കാണോ അതോ ആരെങ്കിലും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ബൈക്കായിരുന്നോ എന്ന ചോദ്യത്തിന് ചിലത് നിര്‍ത്തിയിട്ടിരിക്കുന്നവ, ചിലത് ആളുകള്‍ സഞ്ചരിക്കുന്നവ എന്നായിരുന്നു മറുപടി.

ചിലര്‍ ജോലിക്കും മറ്റുമായി പോകുന്നവരായിരുന്നു. ഞങ്ങള്‍ അവരെ തടഞ്ഞു നിര്‍ത്തി. അവരോട് ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. വിളിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ ഞങ്ങള്‍ അവരെ ഉപദ്രവിക്കാന്‍ തുടങ്ങി. നിന്നെ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞാണ് തുടങ്ങുക. ഇതോടെ കാണുന്നവര്‍ക്കും ദേഷ്യം വന്ന് തുടങ്ങും. എല്ലാവരും ഒരുമിച്ച് കൂടും. അയാളെ ഒന്നിച്ച് ചേര്‍ന്ന് മര്‍ദ്ദിക്കും. അതിന് ശേഷം ബൈക്ക് കത്തിക്കും. അയാളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിട്ടയക്കും.

ആരെയെങ്കിലും ജീവനോടെ കത്തിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കലിഗത്ത് റോഡില്‍ നടന്ന അക്രമത്തില്‍ താന്‍ അത് കണ്ടിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

അദ്ദേഹം ഒരു മുസ്‌ലീം ആയിരുന്നു. ഹിന്ദു സഹോദരങ്ങള്‍ അയാള്‍ക്ക് അരികില്‍ എത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയാള്‍ക്ക് അങ്ങനെ വിളിക്കാന്‍ കഴിയില്ലെന്നായിരുന്നു പറഞ്ഞത്.

അയാള്‍ കരുതിയത് ഞങ്ങള്‍ തിരിച്ചു പോകുമെന്നായിരിക്കും. അവിടെ ആളുകള്‍ കൂടിയിരുന്നു. അയാളെ മര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിച്ചിഴച്ച് ഒരു കാറിനകത്ത് കയറ്റി. എന്നിട്ട് ആ കാര്‍ കത്തിച്ചു. അയാള്‍ അതിനകത്ത് കിടന്ന് മരിച്ചു. ആളുകളെ ഇത്തരത്തില്‍ വലിച്ചെറിയുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് പേരെ കത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഈ സമയത്ത് പൊലീസ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് പൊലീസ് അവരുടെ എല്ലാ പിന്തുണയും തന്ന് കൂടെ നിന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

നിങ്ങള്‍ എല്ലായിടത്തേക്കും ചെല്ലൂ, അകത്ത് കയറിയും ചെയ്യൂ. അതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന് ശേഷം തുടരെ തുടരെ അക്രമം നടന്നു. നിങ്ങള്‍ക്ക് വലിയൊരു അവസരം ലഭിക്കുകയാണ്,് തോന്നുന്നത് എല്ലാം ചെയ്തുകൊള്ളാന്‍.
ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ അവസാനിപ്പിക്കാന്‍ പറയുന്നത് വരെ നിങ്ങള്‍ക്ക് തുടരാമെന്നുമായിരുന്നു പറഞ്ഞത്.

എന്റെ കയ്യില്‍ ഒരു ലാത്തിയുണ്ടായിരുന്നു. ബജ്‌രംഗ്ദളില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ചില ആളുകളെ പരിചയപ്പെട്ടിരുന്നു. അവരാണ് ലാത്തി തന്നത്. അവര്‍ ഞങ്ങള്‍ക്ക് കുറച്ചധികം ലാത്തികള്‍ തന്നു. പൊലീസുകാരുടെ കയ്യില്‍ ഉള്ളതുപോലത്തെ.

ഇഷ്ടികളും കല്ലുകളും ദണ്ഡുകളും അവരുടെ കൈവശം ഉണ്ടായിരുന്നു. മൂന്ന് നാല് പേരുടെ കയ്യില്‍ തോക്കും ഉണ്ടായിരുന്നു. ആദ്യ സമയത്തൊന്നും വെടിവെച്ചിരുന്നില്ല. പിന്നെ രാത്രിയായപ്പോഴാണെന്ന് തോന്നുന്നു. ഞങ്ങളുടെ മുന്നില്‍ വെച്ച് അവര്‍ വെടിയുതിര്‍ത്തിട്ടില്ല.

വാളുകളും ഇരുമ്പ് ദണ്ഡും ലാത്തിയും കല്ലും എല്ലാം കൊണ്ട് നിങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് എന്താണ് ആ സമയത്ത് പറഞ്ഞുകൊണ്ടിരുന്നത്? അവര്‍ ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നോ? എന്ന ചോദ്യത്തിന്

‘അതെ അവര്‍ കാഴ്ചക്കാരായിരുന്നു എന്നാണ് ഇദ്ദേഹം മറുപടി നല്‍കിയത്.

നിങ്ങള്‍ ചെയ്‌തോളൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. അവരുടെ ഏരിയകളില്‍ ചെന്ന് ആക്രമിക്കാനായിരുന്നു പറഞ്ഞത്. തോന്നുന്നത് എന്തും ചെയ്തുകൊള്ളാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ സമയം തരുകയാണ് എന്നാണ് പറഞ്ഞത്.

അക്രമത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും അക്രമം നടത്താനുള്ള ആയുധങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് എത്തിച്ചത് അവരാണെന്നും ഇയാള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ആം ആദ്മിയെന്നോ സമാജ്‌വാദി പാര്‍ട്ടിയെന്നോ കോണ്‍ഗ്രസെന്നോ ഉള്ള വ്യത്യാസം ഇവിടെ കാണിക്കരുതെന്നും ഹിന്ദുവാണെന്ന ഒരൊറ്റ വികാരത്തില്‍ വേണം യുദ്ധം ചെയ്യാന്‍ എന്നുമായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്.

ഫെബ്രുവരി 23 നാണ് വാട്‌സപ്പില്‍ കലാപവുമായി ബന്ധപ്പെട്ട ആദ്യ സന്ദേശം ലഭിക്കുന്നത്. ബ്രഹ്മപുരിയില്‍ മുസ്‌ലീങ്ങള്‍ ഒരു ഹിന്ദു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു ആ സന്ദേശം. വീട്ടില്‍ കയറിയാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞത്.

ഒരു ഹിന്ദു സഹോദരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് നമ്മള്‍ നിശബ്ദരായിപ്പോകുന്നത് എന്നായിരുന്നു അതില്‍ വന്ന ചോദ്യം. നിരവധി വീഡിയോകളും ഇതിനൊപ്പം വന്നു. ഒരു പള്ളിയില്‍ നിന്നും വന്ന അനൗണ്‍സ്‌മെന്റ് അതില്‍ ഒന്ന്. ഇപ്പോള്‍ ആരേയും അക്രമിക്കരുത്. രണ്ട് മണിക്ക് ശേഷം ഹിന്ദുക്കളെ ആക്രമിക്കാം എന്നായിരുന്നു പള്ളിയില്‍ നിന്നും വരുന്നതായി കേട്ട സന്ദേശം. അതിന് ശേഷം നിരവധി സന്ദേശങ്ങള്‍ വന്നു. എവിടെക്ക് പോകണം എന്തുചെയ്യണം എന്നടക്കം തീരുമാനിച്ചിരുന്നു.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര കാര്യങ്ങള്‍ എല്ലാം നന്നായി ചെയ്‌തെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

അവര്‍ 30 ശമതാനമേയുള്ളൂ. ഞങ്ങള്‍ 70 ശതമാനമുണ്ട്. പിന്നെ എന്തിന് അവരെ പേടിക്കണം. ഇപ്പോള്‍ അവര്‍ക്ക് ഹിന്ദുക്കള്‍ ഒന്നാണെന്ന് അറിയാം. നേരത്തെ ഇതായിരുന്നില്ല അവസ്ഥ. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ തന്നെ ‘അത് വിട്ടേക്കാം’ എന്ന തരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദുക്കള്‍ ഒന്നാണ്. അവരെ ഇവിടെ നിന്നും പുറത്താക്കിയിരിക്കും. – ഇയാള്‍ അഭിമുഖത്തില്‍ പറയുന്നു.

ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ദല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മുസ്‌ലീങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കൂടിയാണ് ദല്‍ഹി പൊലീസിന്റെ കുറ്റപത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more