| Wednesday, 6th April 2022, 3:09 pm

എനിക്കിഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്; നവരാത്രി ആഘോഷ സമയത്ത് മാംസം വില്‍ക്കുന്നത് തടയുന്നതിനെതിരെ മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ എതിര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ഞാന്‍ ദക്ഷിണ ദല്‍ഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഫുള്‍ സ്റ്റോപ്പ്, മഹുവ ട്വീറ്റ് ചെയ്തു.

ഹിന്ദുക്കളുടെ ഉത്സവമായ നവരാത്രിക്ക് തിങ്കളാഴ്ച വരെ ദക്ഷിണ ദല്‍ഹിയില്‍ ഇറച്ചിക്കടകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് മേയര്‍ മുകേഷ് സൂര്യന്‍ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും ആരുടെയും വ്യക്തിസ്വാതന്ത്ര്യം ലംഘിക്കുന്നതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

‘ഞങ്ങള്‍ എല്ലാ ഇറച്ചി കടകളും കര്‍ശനമായി അടപ്പിക്കും. മാംസം വില്‍ക്കാത്തപ്പോള്‍ ആളുകള്‍ അത് കഴിക്കില്ല,’ മുകേഷ് സൂര്യന്‍ പറഞ്ഞു. ചില ഇസ് ലാമിക രാജ്യങ്ങളില്‍ റമദാന്‍ നോമ്പ് മാസം
പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നില്ലേ എന്നാണ് മുകേഷ് സൂര്യന്‍ സംഭവത്തെ ന്യായീകരിച്ചുപറഞ്ഞത്.

‘ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ സമയത്ത്’ ഇറച്ചിക്കടകള്‍ അടച്ചിടണമെന്നാണ് മുകേഷ് പറഞ്ഞത്.

ദല്‍ഹിക്കാരുടെ വികാരം കണക്കിലെടുത്താണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും തുറസ്സായ സ്ഥലത്ത് മാംസം അറക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ തന്നോട് പരാതിപ്പെട്ടെന്നും മുകേഷ് പറഞ്ഞു.

‘മാംസ നിരോധന തീരുമാനം ഞങ്ങള്‍ കര്‍ശനമായി പാലിക്കും. ഏപ്രില്‍ 8, 9, 10 തീയതികളില്‍ ഞങ്ങള്‍ എല്ലാ അറവുശാലകളും അടച്ചിടും,’ മുകേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: On Delhi Meat Shops Ban During Navaratri, mahua’s Reaction

We use cookies to give you the best possible experience. Learn more