| Friday, 23rd November 2012, 3:01 pm

ലജ്പത് നഗര്‍ സ്‌ഫോടനം: പ്രതികള്‍ക്ക് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വധശിക്ഷയില്‍ ഇളവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലജ്പത് നഗര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് സംഭവം നടന്ന് പതിനാറ് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം കോടതി ഇളവനുവദിച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറക്കുകയും മറ്റൊരാളെ വെറുതേ വിടുകയും ചെയ്തു. കേസില്‍ ദല്‍ഹി പോലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷയില്‍ ഇളവനുവദിച്ചത്.[]

2010 ലാണ് കീഴ്‌ക്കോടതി കേസില്‍ നാല് പേര്‍ക്ക് ശിക്ഷ വിധിച്ചത്. ഇതില്‍ രണ്ട് പേരുടെ ശിക്ഷയിലാണ് കോടതി ഇളവനുവദിച്ചത്. കേസില്‍ ദല്‍ഹി പോലീസിന്റെ അന്വേഷണത്തേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സംഭവത്തില്‍ പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും തെളിവ് ശേഖരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചപറ്റിയെന്നും പ്രതികള്‍ക്കായി തിരിച്ചറിയല്‍ പരേഡ് പോലും നടത്തിയില്ലെന്നും ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച അവരുടെ കഴിവില്ലായ്മയുടെ മാത്രം തെളിവല്ലെന്നും പ്രതികള്‍ക്കെതിരെ പോലീസ് ഹാജരാക്കിയ തെളിവുകളില്‍ സംശയമുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണത്തില്‍ പോലീസ് നിരുത്തരവാദപരമായി ഇടപെട്ടെന്നും കോടതി പറയുന്നു. 2010 ല്‍ കേസില്‍ പ്രതികളായ മുഹമ്മദ് നൗഷാദ്, മുഹമ്മദ് അലി ഭട്ട്, മിസ്‌റ നിസാര്‍ ഹുസൈന്‍, ജാവേദ് അഹമ്മദ് ഖാന്‍ എന്നിവരെ കീഴ്‌ക്കോടതി ശിക്ഷിക്കുന്നത്.

ഇതില്‍ മുഹമ്മദ് നൗഷാദ്, മുഹമ്മദ് അലി, മിസ്‌റ എന്നിവര്‍ക്ക് വധശിക്ഷയും ജാവേദിന് ജീവപര്യന്തവുമായിരുന്നു വിധിച്ചത്. ഇതില്‍ മിസ്‌റയുടേയും മുഹമ്മദ് അലിയുടേയും വധശിക്ഷ റദ്ദാക്കുകയും മുഹമ്മദ് നൗഷാദിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയും ചെയ്തു.

കേസില്‍ ഒമ്പതാം പ്രതിയായ ജാവേദിന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം സെക്ഷന്‍ 120 ബി പ്രകാരം കുറ്റമായി നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 1996 ലാണ് സ്‌ഫോടനം നടക്കുന്നത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more