| Saturday, 25th April 2020, 9:52 am

ആശുപത്രിക്ക് മുന്നിൽ ഫൂട്പാത്തിൽ കാത്ത് നിന്ന് 69 കൊവിഡ് രോ​ഗികൾ; യോ​ഗിയുടെ യു.പിയിലെ ഞെട്ടിക്കുന്ന സി.സി.ടി.വി കാഴ്ച്ചകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഉത്തർപ്രദേശിലെ ഈശ്വർ ജില്ലയിലെ സയ്ഫായി മെ‍ഡിക്കൽ കോളേജിനു മുന്നിൽ ആശുപത്രി പ്രവേശനത്തിനായി ഫൂട്പാത്തിൽ കാത്ത് നിന്ന് 69 കൊവിഡ് രോ​ഗികൾ. ആ​ഗ്രയിലെ ആശുപത്രിയിൽ നിന്ന് പ്രത്യക ബസിൽ സയ്ഫായിലേക്ക് മാറ്റിയ 69 രോ​ഗികൾക്കാണ് അടച്ചിട്ട ആശുപത്രി​ ​ഗേറ്റിന് മുന്നിൽ ഒരു മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നത്. പ്രത്യേക വാർഡിലേക്ക് ഇവരെ മാറ്റുന്നതിൽ ഉണ്ടായ താമസമാണ് രോ​ഗികൾ പുറത്തിറങ്ങി ഫുട്പാത്തിൽ നിൽക്കാൻ ഇടയാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ചൊവ്വാഴ്ച്ച നടന്ന സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.

രോ​ഗികൾക്കൊപ്പം ആ​ഗ്രയിൽ നിന്ന് ഒരു എസ്കോർട്ട് ടീമിനെയും പറഞ്ഞു വിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സി.സി.ടി.വി ദ‍ൃശ്യങ്ങളിൽ ഹോസ്പിറ്റൽ ​ഗേറ്റ് അടഞ്ഞു കിടക്കുന്നതും രോ​ഗികൾ പുറത്ത് കാത്ത് നിൽക്കുന്നതും വ്യക്തമാണ്. കേവലം മാസ്ക് മാത്രം ധരിച്ചാണ് രോ​ഗികൾ 112 കിലോമീറ്റർ സഞ്ചരിച്ച് ആ​ഗ്രയിൽ നിന്ന് സയ്ഫായിലെ സർക്കാർ ആശുപത്രിയിലെത്തിയതും.
വീഡിയോയിൽ തന്നെ സ്ഥലത്തെ പൊലീസ് ഉദ്യോ​ഗസ്ഥനായ ചന്ദ്രപാൽ സിങ്ങ് മറ്റെങ്ങോട്ടും പോകരുതെന്ന് രോ​ഗികൾക്ക് നിർദേശം കൊടുക്കുന്നതും കാണാം.

നിങ്ങളിവിടെ നിക്കണം. മെഡിക്കൽ ടീം ഉടനെ എത്തും. സംഭവിക്കാനുള്ളത് സംഭവിച്ചു. നിങ്ങളിപ്പോൾ പലയിടത്ത് പോയി നിന്നാൽ എല്ലാവർക്കും അസുഖം വരും. ഇവിടെ ചുറ്റി കറങ്ങി നടക്കരുത്. നിങ്ങളിങ്ങോട്ട് പുറപ്പെടുന്നതിനെക്കുറിച്ച് യാതൊരു വിവരവും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ചന്ദ്രപാൽ സിങ്ങ് രോ​ഗികളോട് പറഞ്ഞു.

രോ​ഗികളെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതരും കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വെെകിയതെന്നും ഇതിൽ ആശുപത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഡോക്ടർമാരും നേഴ്സുമാരും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ചേർന്ന് അരമണിക്കൂറിനുള്ളിൽ രോ​ഗികളെ പ്രത്യേക വാർഡിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയെന്നും വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more