ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിയ്ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; 18 വയസ്സ് പൂര്‍ത്തിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
national news
ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിയ്ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; 18 വയസ്സ് പൂര്‍ത്തിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 6:25 pm

ചണ്ഡീഗഡ്: ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിയ്ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

പെണ്‍കുട്ടിയുടെ പ്രായം 18 ല്‍ താഴെയാണെങ്കിലും മുസ്‌ലിം വ്യക്തി നിയമനുസരിച്ച് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നാണ് കോടതി വിധി.

മുസ് ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും പരിശോധിച്ചാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം.

പെണ്‍കുട്ടി ഋതുമതിയായിക്കഴിഞ്ഞാല്‍ തനിക്ക് ഇഷ്ടമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

2021 ജനുവരി 21 ന് മുസ്‌ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ വിധി.

പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്നാരോപിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ വിവാഹ സ്വാതന്ത്ര്യം മുസ്‌ലിം വ്യക്തിനിയമത്തില്‍ പെടുന്നതാണെന്നും ബന്ധുക്കള്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമര്‍ശിച്ചാണ് കോടതിയുടെ നിരീക്ഷണം.

സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേര്‍പ്പെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്.

മാനസികനില സ്ഥിരമായവരുടെയും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: On Attaining Puberty, a Muslim Girl, Even Below 18 Years of Age Can Marry Anyone by Law: HC