| Wednesday, 3rd September 2014, 1:16 pm

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം: ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താനോ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരോ കേസില്‍ പ്രതികളല്ല. സി.ഐ.ടി.യു നേതാവ് പരാതി നല്‍കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ടുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2002ല്‍ ടൈറ്റാനിയം ഉപയോഗിക്കുന്ന ഫാക്ടറികള്‍ പൂട്ടുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് താന്‍ ഇടപെട്ടത്. പരാതി കൊടുത്ത നേതാവും തൊഴിലാളി സംഘടനകളും പ്ലാന്റ് പൂട്ടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫാക്ടറികള്‍ പൂട്ടുന്നത് ഒഴിവാക്കാനാണ് മലിനീകരണസംസ്‌കരണ യൂണിറ്റിന് തീരുമാനമെടുത്തത്്. ഇതിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടല്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു.

പിന്നീടുള്ള കാര്യങ്ങള്‍ ചെയ്തത് ഇടതുമുന്നണി സര്‍ക്കാരാണ്. അഴിമതിയാണെങ്കില്‍ എന്തിനാണ് ഇടതു സര്‍ക്കാര്‍ തറക്കല്ലിട്ടതെന്നും അദ്ദേഹം ചോദിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള നടപടിയില്‍ എന്ത് കേസ് വന്നാലും സങ്കടമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

2011ല്‍ തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ആയുധമാക്കി സി.ഐ.ടി.യു നേതാവ് കൊടുത്ത പരാതിയാണ് ടൈറ്റാനിയം സംബന്ധിച്ച് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആധാരം. തിരഞ്ഞെടുപ്പില്‍ തന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. സിബിഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞത് കഴിഞ്ഞ ഇടത് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടൈറ്റാനിയം കേസ് സംബന്ധിച്ച വിജിലന്‍സ് കോടതി വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍  തെറ്റായ വാര്‍ത്തകളാണ് നല്‍കിയത്. തന്നെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ കോടതി ഉത്തരവില്‍ പറയുന്നില്ല. ഇത് പരിശോധിക്കാതെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പാമോലിന്‍ കേസിലും രാഷ്ട്രീയ പ്രേരിതമായി ഇടപെടല്‍ നടന്നു. കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയതുകൊണ്ട് മാത്രം തനിക്കെതിരെ മാധ്യമങ്ങള്‍ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലസ് ടു കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കോടതി വിധികാരണം പഠനം തടസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഏകജാലക സംവിധാനം വഴി പഠനസൗകര്യങ്ങള്‍ ഒരുക്കും. മദ്യനയം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയിട്ടുണ്ട്. മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ ഒട്ടും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more