തിരുവനന്തപുരം: ഇസ്രാഈലില്‍ അഷ്‌കലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
‘ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണെ’ന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ എഴുതി.
എന്നാല്‍ പോസ്റ്റിനെതിരെ വിമർശനം ഉയർന്നതോടെ തീവ്രവാദിയാക്രമണം എന്ന പരാമർശം ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ എഡിറ്റ് ചെയ്തു.
അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണ്. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസമാണ് ഇസ്രാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. ഇസ്രാഈലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രാഈലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രാഈല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടുരുന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീനിയന്‍ സായുധ സംഘമായ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയിത്.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,
ഇസ്രാഈലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്. സന്തോഷുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ ബോംബാക്രമണത്തിന്റെ രൂപത്തില്‍ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.
പൊതുപ്രവര്‍ത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളുമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണ്.
വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ചൂണ്ടുന്നത്.
സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണില്‍ സംസാരിച്ചു. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Omman Chandy Facebook post about Hamas attack and death of Malayalee woman Soumya in Israel