തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ രാത്രിയുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് തിയേറ്ററുകളില്‍ രാത്രി പ്രദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ രാത്രി പത്തുമണിക്കു ശേഷം പ്രദര്‍ശനത്തിന് അനുമതിയുണ്ടാവില്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം.
രാത്രി പത്തുമണിക്ക് ശേഷം തിയേറ്ററില്‍ സിനിമാ പ്രദര്‍ശനം നടത്തരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. രാത്രിയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തിയേറ്ററുകളിലെ സെക്കന്റ് ഷോ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇതുവരെ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയത്.
കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ തിയേറ്ററുകളുടെ കാര്യം പറഞ്ഞിരുന്നില്ല. അതിനാലാണ് കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജനുവരി രണ്ടുവരെയാണ് സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 10 മണിക്ക് അടക്കണം. പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം കൂടി കണക്കിലെടുത്താണ് നിയന്ത്രണം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാവില്ല.
അതേസമയം, ഒമിക്രോണ്‍ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.