കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
Kerala News
കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th December 2021, 6:35 pm

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ബ്രിട്ടനില്‍ നിന്ന് ഇയാള്‍ ആറാം തിയ്യതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നെങ്കിലും എട്ടാം തിയ്യതി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോസിറ്റീവാകുന്നത്.

തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദല്‍ഹിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, രോഗിയുടെ അമ്മയും ഭാര്യയും കൊവിഡ് പോസിറ്റിവാണ്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യമാതാവും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

വിമാനത്തില്‍ കൂടെ യാത്ര ചെയ്തവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അബദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്തില്‍ 149 യാത്രക്കാരാണുണ്ടായിരുന്നത്. എല്ലാവരേയും വിവരമറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്നവരോട് സ്വയം നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 26 മുതല്‍ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുത്തി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Omicron reported in kerala