ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ അവലോകന യോഗത്തിലാണ് മോദി നിര്‍ദേശവുമായി രംഗത്തെത്തിയത്.
പകര്‍ച്ച വ്യാധിയുടെ സമയത്ത് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് സംസ്ഥാനങ്ങളെ മോദി അഭിനന്ദിച്ചു. കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവനോപാധികളും സംരക്ഷിക്കണമെന്ന് മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പരോക്ഷമായി പറഞ്ഞു.
100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു.
പ്രാദേശികതലത്തിലാണ് കൊവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും മോദി സംസ്ഥാനങ്ങളോട് പറഞ്ഞു.