| Sunday, 28th November 2021, 7:22 am

ഒമിക്രോണ്‍ ക്രോണിനെ നേരിടാന്‍ ശാസ്ത്രാധിഷ്ഠിതമായ തന്ത്രങ്ങള്‍ ആവശ്യം; ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ക്രോണിനെ നേരിടാന്‍ ശാസ്ത്രാധിഷ്ഠിതമായ തന്ത്രങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍.

എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കുക, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ജീനോം സീക്വന്‍സിങ് വ്യാപകമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കണമെന്നും സൗമ്യ പറഞ്ഞു.

ആധികാരികമായി ഒന്നും പറയാനാകില്ലെങ്കിലും ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പടരാന്‍ ഈ വകഭേദത്തിന് കഴിയുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തേണ്ടതിനെക്കുറിച്ചും അവര്‍ പറഞ്ഞു. മാസ്‌ക്കുകള്‍ ‘പോക്കറ്റിലെ വാക്സിനുകള്‍’ ആണെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അതേസമയം, ഒമിക്രോണ്‍ ക്രോണ്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കല്‍, വാക്സിനേഷന്റെ വേഗം വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതീവ അപകടകാരിയായ വകഭേദം ഒമിക്രോണ്‍ ക്രോണ്‍, ബോട്സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Omicron’ May Be A Wake-Up Call: WHO’s Dr Soumya Swaminathan

We use cookies to give you the best possible experience. Learn more