ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം: ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച പറ്റിയതായി ആരോപണം. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ പൂര്‍ണമായ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പിനായില്ലെന്നാണ് ആരോപണം.
ഇയാളുടെ കൂടെ യാത്ര ചെയ്ത എറണാകുളത്ത് വിമാനമിറങ്ങിയ പലരേയും കൊവിഡ് പരിശോധന പോലും നടത്താതെയാണ് കടത്തിവിട്ടത്. ഇതിനെതിരെ യാത്ര സംഘത്തിലുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കൊവിഡ് പോസിറ്റീവായ ആളുടെ സാംപിള്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് പരിശോധനയ്ക്കയച്ചത്. അതേസമയം, പരിശോധന നടത്താതെ കടന്നുപോയവരെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കോട്ടയം സ്വദേശിയായ ആള്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ സംഘത്തിലുണ്ടായിരുന്ന മറ്റാളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് തയ്യാറായത്. ഇവര്‍ നിലവില്‍ ഒരിടത്തും നിരീക്ഷണത്തിലല്ല. പട്ടികയിലുള്ള ആളുകള്‍ക്ക് തിങ്കളാഴ്ച്ച പരിശോധന നടത്തും.
നിലവില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അതേസമയം, തിരുവനന്തപുരത്ത് വിമാനമിറങ്ങിയ എല്ലാവരേയും നിരീക്ഷണത്തിലാക്കിയെന്ന് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: omicron Kerala central government