| Monday, 29th November 2021, 4:07 pm

ഒമിക്രോണ്‍: ഡോക്ടറുടെ പേരില്‍ വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒമിക്രോണിനെ കുറിച്ച് ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി.പി. വേണുഗോപാലിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

എന്നാല്‍ അത് തന്റെ വാക്കുകളല്ലെന്നും ആ സന്ദേശവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഡോ. വേണുഗോപാലിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കപ്പെട്ടിരുന്നു.

ഒരു ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശമായതിനാല്‍ ആളുകള്‍ക്കിടയില്‍ വലിയ പ്രചാരമാണുള്ളത്. സന്ദേശം അത്ര പ്രശ്‌നമുള്ളതല്ലെങ്കിലും അതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒട്ടും അടിത്തറയില്ലെന്ന് അദ്ദേഹം പറുയുന്നു.

പൊലീസിന്റെ അന്വേഷണത്തില്‍ ഇത് ദല്‍ഹിയില്‍ നിന്ന് ഉണ്ടാക്കിയ സന്ദേശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഗൂഗിള്‍ വഴി ട്രാന്‍സിലേറ്റ് ചെയ്ത പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ വാട്സാപ്പില്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുവാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ കൂടുതല്‍ അപകടകാരിയോണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും കൊറോണയെ കുറിച്ചുള്ള ഭയം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുകയാണ്.

എന്നാല്‍ ഒമിക്രോണ്‍ മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ അപകടകാരിയോണോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിശദീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Omicron: Fake message via WhatsApp in the name of the doctor

We use cookies to give you the best possible experience. Learn more