ഒമിക്രോണ്‍ വ്യാപനം; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍
Kerala News
ഒമിക്രോണ്‍ വ്യാപനം; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 4:06 pm

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ക്വാറന്റീന് ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ശേഷമേ പുറത്തിറങ്ങാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം വന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്.

30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചിരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ഹോം ക്വാറന്റീനില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം.

നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുകയും ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചെയ്യും.

ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Omicron diffusion; Compulsory quarantine for those coming from abroad